വ്യാജസർട്ടിഫിക്കറ്റ്; കെ.എസ്.യു മാർച്ചിൽ സംഘർഷം
text_fieldsകൊച്ചി: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി സമ്പാദിച്ച എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടും പരീക്ഷ എഴുതാതെ റിസൽട്ടിൽ കൃത്രിമം കാണിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ പരീക്ഷ പാസാക്കിയ മഹാരാജാസ് കോളജ് അധികാരികൾക്കെതിരെയും നിയമനടപടി ആവശ്യപ്പെട്ട് കെ.എസ്.യു ജില്ല കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം.
ഡി.സി.സിയിൽനിന്ന് മഹാരാജാസ് കോളജിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തച്ചുതകർക്കുന്ന നടപടികളുമായിട്ടാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർഷോയും വിദ്യയും അടക്കം എസ്.എഫ്.ഐയുടെ സംസ്ഥാന നേതാക്കളെല്ലാം മഹാരാജാസ് കോളജ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുകയാണ്.
കെ. വിദ്യ മുമ്പും പിഎച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയതായി ആരോപണമുണ്ട്. ഈ വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്നും കുറ്റക്കാർക്കെതിരെ കൃത്യമായി നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.യു ജില്ല പ്രസിഡന്റ് കെ.എം. കൃഷ്ണലാലിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ, സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി, സംസ്ഥാന ഭാരവാഹികളായ അൽ അമീൻ അഷ്റഫ്, മിവ ജോളി, സി.പി. പ്രിയ, അനൂസ് വെട്ടിക്കൽ, കെ.വി. വർഗീസ്, ബേസിൽ പറേക്കുടി, സിജോ ജോസഫ്, നോബൽ കുമാർ, ജെറിജെസ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.