വ്യാജ മദ്യവിൽപന; ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
text_fieldsകാക്കനാട്: പുതുച്ചേരിയിൽനിന്നുള്ള വ്യാജമദ്യം ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചിരുന്ന സംഘം കാക്കനാട് പിടിയിൽ. കാക്കനാട് ഇടച്ചിറ സ്വദേശി കുന്നേപ്പറമ്പിൽ വീട്ടിൽ തോക്ക് എന്ന് വിളിക്കുന്ന സുരേഷ് (52), ഭാര്യ മിനി (47), കാക്കനാട് ഇടച്ചിറ പർലിമൂല വീട്ടിൽ ഫസലു എന്ന നാസർ (42) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ് സിറ്റി എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് പുതുച്ചേരിയിൽനിന്ന് കൊണ്ടുവന്ന അര ലിറ്ററിന്റെ 77 കുപ്പി വ്യാജമദ്യം എക്സൈസ് പിടിച്ചെടുത്തു.
അങ്ങാടി മരുന്ന് വിൽപനക്കാരൻ എന്ന വ്യാജേനയായിരുന്നു മദ്യവിൽപന. കാക്കനാടുനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലാണ് മദ്യം വിതരണം ചെയ്തിരുന്നത്. പുതുച്ചേരിയിൽനിന്ന് മദ്യം കടത്താൻ സഹായിച്ച ‘കുടുകുടു’ എന്ന് വിളിക്കുന്ന മനാഫ് എന്നയാളെപ്പറ്റി അന്വേഷണം ആരംഭിച്ചു.
എറണാകുളം റേഞ്ച് ഇൻസ്പെക്ടർ വി. സജി, ഇൻസ്പെക്ടർ ടി.എൻ. അജയകുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് പ്രിവന്റിവ് ഓഫിസർ എൻ.ഡി. ടോമി, ഇന്റലിജൻസ് പ്രിവന്റിവ് ഓഫിസർ എൻ.ജി. അജിത് കുമാർ, എറണാകുളം റേഞ്ച് പ്രിവന്റിവ് ഓഫിസർ കെ.കെ. അരുൺ, കെ.ആർ. സുനിൽ, സ്പെഷൽ സ്ക്വാഡ് വനിത സി.ഇ.ഒ സരിത റാണി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പി.സി. പ്രവീൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.