ഏതുസമയത്തും നിലംപൊത്തിയേക്കാം; പേടിച്ചരണ്ട് കഴിയുന്നത് നാല് കുടുംബങ്ങൾ
text_fieldsമട്ടാഞ്ചേരി: കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ എന്ന പ്രാർഥനയിലാണ് മട്ടാഞ്ചേരി ബസാറിനോട് ചേർന്നുള്ള അസ് റാജ് പറമ്പിലെ ജീർണിച്ച് ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള കെട്ടിടത്തിലെ നാല് കുടുംബങ്ങൾ. നൂറു വർഷത്തിലേറെ പഴക്കമുള്ള രണ്ടുനില കെട്ടിടമാണിത്. ഇന്ത്യ വിഭജന വേളയിൽ കൊച്ചിയിലെ വ്യവസായവും കെട്ടിടങ്ങളും ഉപേക്ഷിച്ച് പാകിസ്താനിലേക്ക് കുടിയേറിയ അല്ലായ എന്ന വിഭാഗക്കാരുടേതാണ് ഈ കെട്ടിടം.
അഭയാർഥി ഭൂമിയായി (ഇവാക്യൂ പ്രോപ്പർട്ടി) ഗണിക്കപ്പെടുന്ന കെട്ടിടത്തിൽ മൂന്നര പതിറ്റാണ്ടായി കഴിഞ്ഞുവരുകയാണ് ഈ നാല് കുടുംബങ്ങൾ. വാടകക്ക് താമസിക്കാനെത്തിയവരാണ് ഇവർ. കെട്ടിടം കൈവശം വെച്ചിരിക്കുന്നവർ ആദ്യം വാടക വാങ്ങിയിരുന്നെങ്കിലും കെട്ടിടം ജീർണാവസ്ഥയിലായി തുടങ്ങിയതോടെ ഇവർ വരാതായി. കെട്ടിടം നിലവിൽ പൂർണതോതിൽ ജീർണിച്ച അവസ്ഥയിലാണ്. അസുഖബാധിതർ അടക്കമുള്ളവർ വീടുകളിലുണ്ട്. നാലു കുടുംബവും സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്നവരാണ്. ഓട് മേഞ്ഞ മേൽക്കൂരയും ഏണിപ്പടി ജീർണിച്ച് തൂങ്ങിയ അവസ്ഥയിലാണ്. മഴ പെയ്താൽ വെള്ളം മുഴുവൻ വീടിനുള്ളിലാകും.
കെട്ടിടം ചോർന്നൊലിക്കുന്നതിനാൽ മഴ പെയ്താലും ശക്തമായ കാറ്റ് വീശിയാലും സമീപത്തെ വീടുകളുടെ വരാന്തയിലും മറ്റും അഭയം തേടുകയാണ് കുടുംബങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ മട്ടാഞ്ചേരിയിലെ രണ്ട് പഴയ കെട്ടിടങ്ങൾ തകർന്നുവീണതോടെ കുടുംബങ്ങൾ ഭയാശങ്കയിലാണ്. വർഷങ്ങളായി ജനപ്രതിനിധികളോട് അവസ്ഥകൾ പറയാറുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ദുരന്തം ഉണ്ടാകുംമുമ്പ് അധികാരികൾ കണ്ണുതുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.