പനിയോ പനി നാടാകെ; ഒരാഴ്ചക്കിടെ പനി ബാധിച്ച് ചികിത്സ തേടിയത് 5500ലേറെ പേർ
text_fieldsകൊച്ചി: ചൊവ്വാഴ്ച-857, തിങ്കളാഴ്ച-1009, ഞായറാഴ്ച -410, ശനിയാഴ്ച-725, വെള്ളിയാഴ്ച-796... കഴിഞ്ഞ ദിവസങ്ങളിൽ പനി ബാധിച്ച് ജില്ലയിൽ ചികിത്സ തേടിയവരുടെ എണ്ണമാണിത്. അതും സർക്കാർ ആശുപത്രികളിൽ മാത്രം. ഡിസംബർ ആറു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പനി ബാധിച്ച് ഡോക്ടറെ കാണാനെത്തിയത് 5538 പേരാണ്. ഇതിൽ 146 പേരാണ് കിടത്തിചികിത്സ തേടിയത്. സാധാരണ പനി പോലെത്തന്നെ ഡെങ്കിപ്പനി, വയറിളക്കം, മലമ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളും ജില്ലയിൽ പടർന്നു പിടിക്കുകയാണ്. സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ കണക്കെടുത്താൽ എണ്ണം ഇനിയുമേറെ വർധിക്കും.
ജില്ലയുടെ പലഭാഗത്തും ഡെങ്കിപ്പനി വ്യാപകമായി പടരുകയാണ്. ഇക്കാലയളവിനിടെ 84 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 303 പേർക്ക് സംശയിക്കുന്നതായും റിപ്പോർട്ട് ചെയ്തു.
തുരത്തണം, കൊതുകിനെ
വീട്ടിലും പരിസരങ്ങളിലും ഉറവിടനശീകരണം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നത് കൊണ്ടാണ് ഡെങ്കിപ്പനി കേസുകൾ കൂടുന്നതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ വെള്ളം ശേഖരിച്ചുവെയ്ക്കുന്ന പാത്രങ്ങളിലും ടാങ്കുകളിലും കൊതുകിന്റെ കൂത്താടികളെ കാണുന്നുണ്ട്. ഇവയെല്ലാം വല ഉപയോഗിച്ച് കൊതുക് കടക്കാത്ത വിധം മൂടി സൂക്ഷിച്ചില്ലെങ്കിൽ ആ പ്രദേശം മുഴുവൻ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകും. വീടിനകത്ത് അലങ്കാരചെടികൾ വെള്ളത്തിൽ വളർത്തുന്നതും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനത്തിന് സഹായകമാകുന്നു. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ച ഓഫിസുകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശീകരണം (ഡ്രൈ ഡേ) നടത്തി കൊതുക് നിവാരണം ഉറപ്പാക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ വ്യക്തമാക്കി.
ഡെങ്കിപ്പനിയും വ്യാപകം
കളമശ്ശേരിയിലാണ് ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലുള്ളത്-ചൊവ്വാഴ്ച മൂന്നു പേർക്ക് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നാല്, ഡിസംബർ ഒമ്പതിന് നാല് എന്നിങ്ങനെയാണ് കളമശ്ശേരിയിലെ ഡെങ്കി സ്ഥിരീകരിച്ചവരുടെ എണ്ണം. കരുവേലിപ്പടി-മൂന്ന്, മൂലംകുഴി-മൂന്ന്, തമ്മനം-മൂന്ന്, വെണ്ണല-മൂന്ന്, മട്ടാഞ്ചേരി-രണ്ട് തൃക്കാക്കര-രണ്ട്, ചൂർണിക്കര, ചൊവ്വര, ഇടക്കൊച്ചി, കുത്താപ്പാടി, മങ്ങാട്ടുമുക്ക്, ഒക്കൽ, പനങ്ങാട്, പിറവം,-ഒന്ന് വീതം എന്നിങ്ങനെയാണ് ചൊവ്വാഴ്ചത്തെ രോഗികളുടെ കണക്ക്. കൊച്ചി കോർപറേഷൻ പരിധിയിലും വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി പടരുന്നുണ്ട്. ഈ വർഷം ജനുവരി മുതൽ ഇതുവരെ 11000ത്തിലേറെ സംശയാസ്പദമായ ഡെങ്കിപ്പനി കേസുകളും സ്ഥിരീകരിച്ച 3500ലേറെ ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഡെങ്കിപ്പനി സംശയിക്കുന്ന 24 മരണങ്ങളും സ്ഥിരീകരിച്ച നാല് ഡെങ്കിപ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്തു. വയറിളക്ക രോഗികളുടെ എണ്ണത്തിലും വൻ വർധനവാണ് അടുത്ത ദിവസങ്ങളിലായി ഉണ്ടായത്. ഇക്കാലയളവിൽ 642 പേർ വയറിളക്കവുമായി ആശുപത്രികളിലെത്തി. ഈ മാസം മലമ്പനി ബാധിച്ച് ഒരാൾക്ക് ജീവൻ നഷ്ടമായ സംഭവവുമുണ്ടായി. പെരുമ്പാവൂർ പുല്ലുവഴി സ്വദേശിയായ 23കാരനാണ് ഡിസംബർ മൂന്നിന് മരിച്ചത്, രോഗകാരണം സ്ഥിരീകരിച്ചത് തിങ്കളാഴ്ചയാണ്.
എലിപ്പനി ബാധിച്ചും സംശയിച്ചും ചികിത്സ തേടിയെത്തുന്നവരുമുണ്ട്. ചൊവ്വാഴ്ച രണ്ടുപേർക്ക് സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച മൂന്നു പേർക്ക് സംശയിക്കുകയും ഒരാൾക്ക് സ്ഥിരീകരിക്കുകയും ചെയ്തു. ഞായറാഴ്ചയും ഒരു സംശയിക്കുന്ന കേസുണ്ടായിരുന്നു.
മുൻകരുതൽ വേണം,സ്വയം ചികിത്സ വേണ്ട -ഡി.എം.ഒ
ജില്ലയിൽ പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധവും ചികിത്സയും ഏറെ പ്രധാനമാണെന്ന് ഡി.എം.ഒ. ഡോ.കെ. സക്കീന വ്യക്തമാക്കി. രോഗം വരാതെ നോക്കുന്നതു പോലെ പ്രധാനമാണ് സ്വയം ചികിത്സിക്കാതെ, സമയത്ത് കൃത്യമായ ശാസ്ത്രീയ ചികിത്സ തേടുന്നത്. നിലവിൽ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പുറത്തു പോവുമ്പോൾ മാസ്കുൾപ്പടെ ഉപയോഗിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും വേണമെന്ന് അവർ കൂട്ടിച്ചേർത്തു.
ഡെങ്കിപ്പനി; കൗൺസിലിലും വാക്കേറ്റം
കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിലും വാക്കേറ്റത്തിനിടയാക്കി ഡെങ്കിപ്പനി വ്യാപനം. പ്രതിപക്ഷാംഗമായ എം.ജി. അരിസ്റ്റോട്ടിലാണ് ഡെങ്കിപ്പനി വിഷയം ഉന്നയിച്ചത്.
കൊച്ചി കോർപറേഷൻ മേഖലയിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകളുള്ളതെന്നും അധികൃതർ ഇതിന് ഫലപ്രദമായ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം കൗൺസിലറായ സി.ആർ. സുധീർ ഇതിനെതിരെ രംഗത്തെത്തി. മറ്റിടങ്ങളിലും പനിയുണ്ടല്ലോ എന്നും ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. മേയർ എം. അനിൽകുമാറുൾപ്പടെയുള്ളവർ ഇതിനെ പിന്തുണച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാഗ്വാദമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.