പനിച്ചുവിറച്ച് നാട്
text_fieldsകൊച്ചി: മഴക്കാലമെത്തിയതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിച്ചു. ആശുപത്രികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച മാത്രം 1116 പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലായി ഒ.പിയിൽ ചികിത്സ തേടിയത്. നിരവധിപേരെ കിടത്തി ചികിത്സക്ക് നിർദേശിക്കുകയും ചെയ്തു. ജൂൺ ആദ്യം മുതൽ പകുതിയോടെ തന്നെ 10,135 പേർ ചികിത്സ തേടിയെന്നത് ആശങ്ക വർധിപ്പിക്കുന്നു. ജില്ലയിലെ പലയിടങ്ങളിലും ഡെങ്കിപ്പനിയും വ്യാപിക്കുന്നുണ്ട്. 225 പേർക്കാണ് ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 546 പേരാണ് ഡെങ്കിപ്പനി സംശയിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്. ഡെങ്കിപ്പനി സംശയിക്കപ്പെട്ട എട്ടുപേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ഥിരീകരിച്ച മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ബുധനാഴ്ച മാത്രം 30 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈമാസം ഒമ്പത് പേർ എലിപ്പനി സംശയിച്ച് ചികിത്സ തേടിയിരുന്നു.
മൂന്നുപേർക്ക് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എലിപ്പനി സംശയിക്കുന്ന ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നുപേർക്ക് ടൈഫോയിഡ് ബാധയും സംശയിക്കുന്നു. 62പേർ ഈമാസം ചിക്കൻപോക്സിനും ചികിത്സതേടി. ജില്ലയുടെ കിഴക്കൻ മേഖലയിലാണ് പനി കൂടുതലായി പടരുന്നത്. അതേസമയം, മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പലയിടങ്ങളിലും പേരിന് മാത്രമാണ് നടന്നതെന്ന് ആരോപണമുണ്ട്.
പ്രതിരോധം പുരോഗമിക്കുന്നു
പനി, ഡെങ്കിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കണം. പോസിറ്റിവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത വാർഡുകളിൽ സ്ക്വാഡുകളുടെ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഇവിടെ ഫോഗിങ്ങും ഇൻഡോർ സ്പേസ് സ്പ്രേയും നടന്നുവരികയാണ്. വിദ്യാലയങ്ങളിൽ വെള്ളിയാഴ്ചയും ഓഫിസുകളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈഡേ ആയി ആചരിക്കണം. ഡെങ്കിപ്പനി ബോധവത്കരണവുമായി ബന്ധപ്പെട്ട മൈക്ക് അനൗൺസ്മെന്റ് കൂടുതൽ ശക്തമാക്കണമെന്ന് കലക്ടർ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആരോഗ്യപ്രവർത്തകരെ ഉടൻ അറിയിക്കണം
രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ ഉടൻ വിവരമറിയിക്കണം. വാർഡ് കൗൺസിലർമാർ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.
പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് തൊഴിലുറപ്പ് പ്രവർത്തകർ കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്താം.
തദ്ദേശഭരണ സ്ഥാപനങ്ങൾ മാലിന്യ സംസ്കരണത്തിനും ഓടകള് വൃത്തിയാക്കുന്നതിനും മറ്റും പ്രാധാന്യം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.