പിഴ സർക്കാറിന്റെ ലാഭത്തിനല്ല; റോഡ് സുരക്ഷക്ക് -ഗതാഗത കമീഷണർ
text_fieldsകൊച്ചി: ഗതാഗത നിയമങ്ങൾ തെറ്റിച്ചാൽ പിഴ ഈടാക്കാൻ ടാർഗറ്റ് നൽകുന്നത് സർക്കാറിന് പണം ലഭിക്കാനല്ലെന്നും ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണെന്നും ഗതാഗത കമീഷണർ എസ്. ശ്രീജിത്. മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ ക്ലബ്, ഫസ്റ്റ് എയ്ഡ് എന്നിവയുടെ സഹകരണത്തോടെ സെന്റ് തെരേസാസ് കോളജിൽ നടത്തിയ റോഡ് സുരക്ഷ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷക്ക് ചെയ്യുന്ന പല കാര്യങ്ങളും സർക്കാറിന് പിഴ ലഭിക്കാനാണെന്ന് തെറ്റിദ്ധരിക്കുന്നുണ്ട്.
എ.ഐ കാമറ സ്ഥാപിച്ച ശേഷം ഹെൽമറ്റ് വെക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അതുവഴി അപകട മരണങ്ങൾ കുറക്കാനാകും. മരണത്തേക്കാൾ ഭീകരമായ അവസ്ഥ നട്ടെല്ലിനും മറ്റും ക്ഷതമേറ്റ് കിടപ്പിലാക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി റോഡ് അപകടങ്ങൾ പരമാവധി കുറക്കാനാണ് ശ്രമിക്കുന്നത്. യുവാക്കളുടെ ശ്രദ്ധ ആകർഷിക്കാനാണ് സിനിമ താരങ്ങളെയും പരിപാടിയുടെ ഭാഗമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈൽ ഫോണിന് സ്ക്രീൻ ഗാർഡിന്റെ സംരക്ഷണം നൽകുന്ന നമ്മളിൽ പലരും ഹെൽമറ്റ് വെക്കാൻ മനസ്സ് കാണിക്കുന്നില്ലെന്ന് ചടങ്ങിൽ സംസാരിച്ച നടൻ ഷെയ്ൻ നിഗം പറഞ്ഞു. സെൽഫ് ലവ്, സെൽഫ് കെയർ എന്നീ കാര്യങ്ങൾക്കും പ്രാധാന്യം കൊടുക്കാൻ നമുക്ക് കഴിയണം. ഗതാഗത നിയമങ്ങൾ പാലിക്കുന്നത് നമ്മുടെതന്നെ സുരക്ഷയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നടിയും സിനിമ നിർമാതാവുമായ സാന്ദ്ര തോമസ് റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മൂവാറ്റുപുഴ നിർമല കോളജിൽനിന്ന് തുടങ്ങിയ ദീപശിഖ പ്രയാണം നിർമല കോളജ് പ്രിൻസിപ്പൽ കെ.വി. തോമസിൽനിന്ന് സെന്റ് തെരേസാസ് കോളജ് ചെയർപേഴ്സൻ നിഖിത നായർ ഏറ്റുവാങ്ങി. എസ്.ഐ.ആർ.എസ്.ടി ഡയറക്ടർ ആദർശ് കുമാർ ജി. നായർ സെമിനാറിന് നേതൃത്വം നൽകി. സെന്റ് തെരേസാസ് കോളജ് മാനേജർ സിസ്റ്റർ ഡോ. വിനിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അൽഫോൻസ വിജയ ജോസഫ്, ഫസ്റ്റ് എയ്ഡ് സംഘടന പ്രസിഡന്റ് സനീഷ് കലൂക്കാടൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.