കതൃക്കടവിൽ തീപിടിത്തം
text_fieldsകതൃക്കടവിലെ ഹാർഡ് വെയർ ഷോപ്പിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അണയ്ക്കാൻ ശ്രമിക്കുന്നു, കത്തി നശിച്ച കട
കൊച്ചി: നഗരമധ്യത്തിലെ ഹാർഡ് വെയർ കടയിൽ വൻ തീപിടിത്തം. കട പൂർണമായും കത്തിനശിച്ചു. കതൃക്കടവ് ജങ്ഷനിൽ ഓൾഡ് കതൃക്കടവ് റോഡിൽ പ്രവർത്തിക്കുന്ന മംഗലത്ത് ടൂൾസ് ആൻഡ് ഹാർഡ് വെയർ കടയിലാണ് തീപിടിത്തം. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
കടയുടമ കലൂർ പൊറ്റക്കുഴി സ്വദേശി സിയാദ് കടയിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് തീപിടിത്തം. വൈദ്യൂതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. തീ വേഗത്തിൽ വ്യാപിക്കുകയായിരുന്നു. സമീപത്തെ വ്യാപാരികളുടെ സഹായത്തോടെ വെള്ളം ഉപയോഗിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. കടയിൽ തിന്നർ, പെയിൻറ്, ടർപൈന്റൻ തുടങ്ങിയ എളുപ്പത്തിൽ തീ പിടിക്കുന്ന സാധനങ്ങളായിരുന്നു ഏറെയും.
ദൃക്സാക്ഷികൾ വിവരമറിയിച്ചതിനനുസരിച്ച് ഗാന്ധിനഗർ, ക്ലബ് റോഡ് ഫയർ സ്റ്റേഷനുകളിൽ നിന്നായി വിവിധ യൂനിറ്റുകൾ സ്ഥലത്തെത്തി. രണ്ടു മണിക്കൂറോളമെടുത്താണ് തീ പൂർണമായും നിയന്ത്രണ വിധേയമായത്. 65 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ സിയാദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.