അങ്കമാലിയിൽ പെയിന്റ് വിൽപന കേന്ദ്രത്തിൽ അഗ്നിബാധ ഏഴ് അഗ്നിരക്ഷാസേന യൂനിറ്റുകളെത്തിയാണ് തീയണച്ചത്
text_fieldsഅങ്കമാലി: ടൗണിൽ ദേശീയപാതക്ക് സമീപത്തെ പഴയ മാർക്കറ്റ് റോഡിലെ പെയിന്റ് മൊത്ത വിൽപന കേന്ദ്രത്തിലും സമീപത്തെ ഗോഡൗണിലും അഗ്നിബാധ.
ആളപായമില്ല. വിൽപന കേന്ദ്രത്തിൽ തീ ആളിപ്പടർന്ന് മുകളിലേക്കും താഴത്തെ ഗോഡൗണിലേക്കും വ്യാപിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 4.35ഓടെ കളർ ഹൗസ് എന്ന പെയിന്റ് വിൽപന സ്ഥാപനത്തിലാണ് തീ പടർന്നത്.
തീ ശ്രദ്ധയിൽപെട്ടതോടെ കടക്ക് അകത്തുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും പെട്ടെന്ന് പുറത്തേക്ക് ഓടുകയായിരുന്നു.
കാറ്റ് വീശിയതോടെ സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്കും തീ പാളുകയും പുക നിറയുകയും ചെയ്തു.
ഇതേതുടർന്ന് സമീപത്തെ കിടക്കവിൽപന സ്ഥാപനത്തിലും പലചരക്കു കടയിലും ചില്ലറ നാശനഷ്ടമുണ്ടായി. തീയണക്കാൻ വ്യാപാരികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാർക്കറ്റ് റോഡിൽ ഗതാഗതവും വ്യാപാരവും സ്തംഭിച്ചു. സംഭവമറിഞ്ഞ് അങ്കമാലി അഗ്നിരക്ഷാസേനയിലെ മൂന്ന് യൂനിറ്റ് സംഭവ സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പിന്നീട് നോർത്ത് പറവൂർ, ആലുവ, പെരുമ്പാവൂർ, ഏലൂർ, ഗാന്ധിനഗർ, അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേന യൂനിറ്റുകളും എത്തി ഒന്നര മണിക്കൂറോളം തീവ്ര പ്രയത്നം നടത്തിയതിനെത്തുടർന്നാണ് തീയണക്കാനായത്. അങ്കമാലി സ്റ്റേഷൻ ഓഫിസർ കെ.എസ്.
ഡിബിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.