കായലിൽ എക്കൽ നിറഞ്ഞു മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ
text_fieldsമട്ടാഞ്ചേരി ജെട്ടിക്ക് സമീപം എക്കൽ നിറഞ്ഞപ്പോൾ
മട്ടാഞ്ചേരി: കായലിൽ എക്കൽ നിറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. കൊച്ചി കായലിൽ വൻതോതിലാണ് എക്കൽ അടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചെറുവള്ളങ്ങൾ മണിക്കൂറുകളോളം മണൽ തിട്ടയിൽ കുടുങ്ങിക്കിടന്ന സംഭവങ്ങളുണ്ടായി.
എക്കൽ നിറഞ്ഞതോടെ വേലിയേറ്റ സമയങ്ങളിൽ തീരമേഖലയിലെ വീടുകളിലേക്കും റോഡിലേക്കും വെള്ളം കയറുന്നത് പതിവായി.
പെരുമ്പടപ്പ് തീരമേഖലയിൽ വേലിയേറ്റം വലിയ തോതിൽ അനുഭവപ്പെടുകയാണ്. ഇതിന് പുറമെ മട്ടാഞ്ചേരി മേഖലയിൽ ബോട്ടുകൾ അടുപ്പിക്കാനാകാത്തത് ടുറിസം മേഖലക്കും ഭീഷണിയാണ്. അഞ്ച് വർഷമായി മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽ ഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവിസ് നിറുത്തിയിട്ട്. ചെറിയ ടുറിസ്റ്റു ബോട്ടുകൾ അടുത്ത കാലം വരെ മട്ടാഞ്ചേരി മച്ചുവ ജെട്ടിയിൽ അടുപ്പിച്ചിരുന്നെങ്കിലും എക്കൽ മൂലം ഇവയും അടുക്കാറില്ല.
മട്ടാഞ്ചേരി കൊട്ടാരം, സിനഗോഗ് എന്നിവ കാണാൻ എത്തുന്ന സഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു മട്ടാഞ്ചേരി ജെട്ടി. മുൻകാലങ്ങളിൽ കൊച്ചി തുറമുഖ ട്രസ്റ്റ് മട്ടാഞ്ചേരി മേഖലയിൽ ഡ്രഡ്ജിങ് നടത്തിയിരുന്നുവെങ്കിലും പിന്നീട് നിലച്ചു. കായലിലെ എക്കൽ നീക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.