അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി; പിന്നാലെയെത്തിയ ബോട്ടിൽ തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsമട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അഴിമുഖത്ത് യന്ത്ര ത്തകരാറിനെ തുടർന്ന് മുങ്ങി. പള്ളുരുത്തി സ്വദേശികളായ റഷീദ്, അർഷാദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള പൂർണശ്രീ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് സംഭവം.
വെള്ളിയാഴ്ച വൈകീട്ട് ആറിന് തോപ്പുംപടി ഫിഷറീസ് ഹാർബറിൽനിന്ന് പൂർണശ്രീ ഉൾപ്പെടെ നാല് ബോട്ടുകൾ മത്സ്യബന്ധനത്തിന് പോയിരുന്നു. ബോട്ട് കുറേദൂരം ചെന്നപ്പോൾ യന്ത്രത്തകരാറിനെ തുടർന്ന് നിശ്ചലമായി. തുടർന്ന് ആദിൽ എന്ന ബോട്ട് അപകടത്തിൽപെട്ട ബോട്ടിനെയും കെട്ടിവലിച്ച് വരികയായിരുന്നു. ഇതിനിടെ ബോട്ടിലുണ്ടായിരുന്ന പത്ത് തൊഴിലാളിൽ എട്ട് പേരും ആദിൽ ബോട്ടിൽ കയറി. സ്രാങ്കും സഹായിയും മാത്രമാണ് ബോട്ടിലുണ്ടായിരുന്നത്. അഴിമുഖത്തേക്ക് എത്തിയപ്പോഴേക്കും ശക്തമായ കാറ്റും മഴയും അടിച്ചു. ഇതോടെ ബോട്ടിൽ വെള്ളം കയറാൻ തുടങ്ങി. അപ്പോഴേക്കും സ്രാങ്കും സഹായിയും ആദിൽ ബോട്ടിൽ കയറി. ഇതിനിടെ ബോട്ടിന്റെ വടം പൊട്ടി. തുടർന്ന് മുങ്ങി താഴ്ന്ന ബോട്ട് അഴിമുഖത്തിന് പടിഞ്ഞാറ് വശം മണൽതിട്ടയിൽ ഉറച്ചു.
ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽ കുമാർ, മറൈൻ എൻഫോഴ്സ്മെൻറ് എസ്.ഐ പ്രഹ്ലാദൻ, സിവിൽ പൊലീസ് ഓഫിസർ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ ബോട്ടിലെ തൊഴിലാളികളെ കരയിലെത്തിച്ചു. ബോട്ട് മണൽ തിട്ടയിൽ ഉറച്ച് പോയതിനാൽ മറ്റ് ബോട്ടുകൾക്ക് അപകടം പറ്റാതിരിക്കാൻ മറൈൻ എൻഫോഴ്സ്മെൻറ് ആംബുലൻസ് ശനിയാഴ്ച പുലർച്ച വരെ അഴിമുഖത്ത് ക്യാമ്പ് ചെയ്തു. രണ്ടാഴ്ച മുമ്പ് അമ്പലപ്പുഴയിൽനിന്ന് റഷീദും ഇർഷാദും ചേർന്ന് വാങ്ങിയതാണ് ഈ ബോട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.