ഭക്ഷ്യസുരക്ഷ;അഞ്ചുമാസത്തിനിടെ പിഴ 14.41 ലക്ഷം
text_fieldsകൊച്ചി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന പരിശോധനയിൽ ഏപ്രിൽ മുതൽ അഞ്ച് മാസ കാലയളവിൽ 14,41,300 രൂപ പിഴ ഈടാക്കി. വൃത്തിഹീനവും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കണ്ടെത്തിയ 208 കടകൾ അടച്ചുപൂട്ടി. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 338 സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കി. 430 സ്ഥാപനങ്ങൾക്ക് തിരുത്തൽ നടപടിക്ക് നിർദേശം നൽകി.
ജില്ല വികസന കമീഷണർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യസുരക്ഷ ഉപദേശക സമിതി യോഗത്തിലാണ് ആഗസ്റ്റ് 30 വരെയുള്ള പരിശോധന വിലയിരുത്തിയത്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഈറ്റ് റൈറ്റ് കാമ്പയിൻ പ്രവർത്തനം പുരോഗമിക്കുകയാണ്. പരിശോധന പൂർത്തിയായ ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കേഷനുകൾ ലഭ്യമാക്കി. ആലുവ പച്ചക്കറി പഴം മാർക്കറ്റിന് ക്ലീൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ് സർട്ടിഫിക്കേഷൻ ലഭ്യമായി. മരട് മാർക്കറ്റിന് സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.
ഈറ്റ് സ്കൂളിന്റെ ഭാഗമായി പരിശോധന പൂർത്തിയായ നാല് സ്കൂളുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കേഷന് നൽകി. അഞ്ച് കാമ്പസുകൾക്കും സർട്ടിഫിക്കേഷൻ നൽകി. ആരാധനാലയങ്ങളിൽ നടക്കുന്ന ബോഗ് (ബിസ്ഫുൾ ഹൈജീൻ ഓഫറിങ് ടു ഗോഡ്) പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. രണ്ട് പള്ളികൾക്ക് സർട്ടിഫിക്കേഷൻ നൽകി. ഭക്ഷ്യസുരക്ഷ അസി. കമീഷണർ പി.കെ. ജോൺ, ഫുഡ് സേഫ്റ്റി ഓഫിസർ റാണി ചാക്കോ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.