കൊച്ചി കോർപറേഷൻ കിറ്റിൽ വാക്കേറ്റം; കലങ്ങിമറിഞ്ഞ് കൗൺസിൽ
text_fieldsകൊച്ചി: വയോജനങ്ങൾക്കായി കൊച്ചി കോർപറേഷനിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലെ ഉൽപന്നങ്ങളുടെ ഗുണനിലവാരം കുറവെന്ന ആക്ഷേപത്തിൽ കലങ്ങിമറിഞ്ഞ് കൗൺസിൽ യോഗം. കിറ്റിലെ പാൽപ്പൊടിയുൾെപ്പടെ പഴയതാണെന്നും നിലവാരം കുറവാണെന്നുമുള്ള പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറയുടെ ആരോപണമാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കിടയിലെ വാക്കേറ്റത്തിലേക്കും ഉന്തും തള്ളിലേക്കും വരെ നയിച്ചത്.
പാൽപ്പൊടിയുടെ വില സംബന്ധിച്ചും ആരോപണമുന്നയിച്ച ആൻറണി കുരീത്തറ തനിക്ക് കിറ്റ് സംബന്ധിച്ച് പരാതികൾ കിട്ടിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പരാതി ജില്ല ആസൂത്രണ സമിതിക്ക് നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതിനെതിരെ ഭരണപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും വലിയ ബഹളമുണ്ടാക്കുകയും ചെയ്തു.
ഇതിനിടെയാണ് ഇരുകൂട്ടരും കൗൺസിൽ ഹാളിന്റെ മധ്യത്തിലേക്കിറങ്ങി പരസ്പരം കൈയേറ്റത്തിന്റെ വക്കോളമെത്തിയത്. നിലവിൽ പ്രതിപക്ഷ നേതാവിന്റെ പരാതിയെ തുടർന്ന് പദ്ധതി ആസൂത്രണ സമിതി തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നാൽ, ആൻറണി കുരീത്തറക്കല്ലാതെ വേറാർക്കും ഇതു സംബന്ധിച്ച് പരാതിയില്ലെന്ന് ഭരണപക്ഷത്തെ ഹബീബുള്ള വ്യക്തമാക്കി. എന്നാൽ, പാവപ്പെട്ടവർക്ക് കിറ്റ് നൽകുന്നതിൽ തെറ്റില്ലെന്നും ഇതിൽ അഴിമതി നടത്തുന്നതാണ് ചൂണ്ടിക്കാണിച്ചതെന്നും വ്യക്തമാക്കി പ്രതിപക്ഷത്തെ മിനിമോൾ രംഗത്തെത്തി.
പരാതിയിൽ അന്വേഷണം നടക്കട്ടെ, തങ്ങൾക്ക് പേടിയില്ലെന്നായിരുന്നു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷിന്റെ നിലപാട്. ഒരുപാടു പേരിൽ ഒരാൾക്ക് മോശം സാധനം കിട്ടിയാൽ പരാതി നൽകാൻ അവകാശമില്ലേ എന്ന ചോദ്യവുമായി പ്രതിപക്ഷത്തെ അഭിലാഷ് തോപ്പിലും രംഗത്തെത്തി.
മറ്റെല്ലാ കൗൺസിലർമാരും അംഗൻവാടികളിൽ വെച്ച് കിറ്റ് വിതരണം ചെയ്തപ്പോൾ കുരീത്തറ മാത്രം സ്വന്തം ഓഫിസിൽ വെച്ചാണ് നൽകിയതെന്നും ഇത് ചോദ്യം ചെയ്തതാണ് പരാതി നൽകാൻ കാരണമെന്നും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ ലാൽ ചൂണ്ടിക്കാട്ടി.
കിറ്റ് വിതരണം സംബന്ധിച്ച് പ്രതിപക്ഷ നേതാവും ബന്ധപ്പെട്ട ഉദ്യോഗസ്ഥയും തമ്മിലുള്ള തർക്കമാണ് പരാതിയിലേക്ക് നയിച്ചതെന്നും മറ്റൊരു വിഷയവും ഇതിലില്ലെന്നും മേയർ എം. അനിൽകുമാർ മറുപടിയായി പറഞ്ഞു. വളരെ സ്വീകാര്യതയുള്ള നൂതന പദ്ധതിയായിരുന്നു വയോജന കിറ്റ് വിതരണം, ഇത് തടസ്സപ്പെടുത്തുന്നത് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.