കരുമാല്ലൂർ-കുന്നുകര കുടിവെള്ള പദ്ധതിക്ക്; കിഫ്ബി സാമ്പത്തികാനുമതി
text_fieldsകരുമാല്ലൂർ: കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്ന കുടിവെള്ള പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതി. അടങ്കൽ തുക 51.30 കോടിയായി ഉയർത്തി.
വിശദ റിപ്പോർട്ട് ജല അതോറിറ്റി തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചിരുന്നു. ശേഷി ഒമ്പത് എം.എൽ.ഡിയിൽനിന്ന് 20 എം.എൽ.ഡി ആയി ഉയർത്തിയ സാഹചര്യത്തിലാണ് അടങ്കൽ തുക 36.50 കോടിയിൽ നിന്ന് 51.30 കോടി രൂപയായി ഉയർത്തിയത്. ഒന്നര വർഷത്തിനുള്ളിൽ കുടിവെള്ള പദ്ധതി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിൽ 269 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.
രണ്ട് പഞ്ചായത്തുകളിലായി 320 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന വിതരണശൃംഖല വഴിയാണ് പദ്ധതിയിലൂടെ കുടിവെള്ളമെത്തിക്കുക. കരുമാല്ലൂരിൽ 190, കുന്നുകരയിൽ 130 കിലോമീറ്ററുമാണ് വിതരണ ശൃംഖലയുടെ ദൈർഘ്യം. കുന്നുകര പഞ്ചായത്തിലെ തടിക്കക്കടവ് പാലത്തിന് സമീപമുള്ള കായാട് ഡാം കടവിൽ പുതിയ പമ്പ് ഹൗസ് സ്ഥാപിച്ചാണ് പെരിയാറിൽനിന്ന് കുടിവെള്ള പദ്ധതിക്ക് ആവശ്യമായ വെള്ളം ശേഖരിക്കുക.
ഇവിടെനിന്ന് 2007 മീറ്റർ ദൈർഘ്യത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് മലായിക്കുന്നിലെ ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളമെത്തിക്കും. 20 എം.എൽ.ഡി ശേഷിയുള്ളതായിരിക്കും മലായിക്കുന്നിലെ പ്ലാന്റ്. 16,131 മീറ്ററുള്ള പൈപ്പ് ലൈൻ പദ്ധതിക്കായി സ്ഥാപിക്കും. കഴിഞ്ഞ വർഷം ജൂൺ 27നാണ് മണ്ണ് പരിശോധന ആരംഭിച്ചത്. ഇത് മൂന്നുമാസത്തിനകം പൂർത്തിയാക്കി സെപ്റ്റംബറിൽ സർവേ ആരംഭിച്ചു. ഇതിന് തുടർച്ചയായി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. പദ്ധതിക്കായി കുന്നുകര മലായിക്കുന്നിൽ നിർമിക്കുന്ന ഒമ്പത് എം.എൽ.ഡി ജല ശുദ്ധീകരണശാലയുടെ ശേഷി ഭാവി ഉപയോഗം കൂടി കണക്കിലെടുത്ത് 20 എം.എൽ.ഡി ആയി ഉയർത്താൻ കഴിഞ്ഞ മാർച്ചിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കരുമാല്ലൂർ, കുന്നുകര, ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന 197.2 കോടി രൂപയുടെ ജൽ ജീവൻ മിഷൻ പദ്ധതിയും ഇതോടൊപ്പം പുരോഗമിക്കുകയാണ്. ഏലൂർ, കളമശ്ശേരി നഗരസഭകളിൽ നടപ്പാക്കുന്ന 18 കോടി രൂപയുടെ അമൃത് പദ്ധതിയും നിർവഹണഘട്ടത്തിലാണ്. ഇതുൾപ്പെടെ 269 കോടി രൂപയുടെ വിവിധ പദ്ധതികളാണ് കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.