ഓണത്രില്ലിൽ വിദേശികൾ
text_fieldsഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചിയിൽ വിദേശികളും ഓണാഘോഷ തിമിർപ്പിൽ. എല്ലാവർഷവും ഓണാഘോഷത്തിന് സ്ഥിരമായി എത്തുന്ന നിരവധി വിദേശികളുണ്ട്.
കേരളീയ വേഷം അണിഞ്ഞ് ആഘോഷത്തിൽ പങ്കെടുക്കുക എന്നത് ഇവർക്ക് വല്ലാത്ത ത്രില്ലാണ്. വിദേശികൾക്കായി പ്രത്യേക പരിപാടികൾ തന്നെ ഹോം സ്റ്റേ അസോസിയേഷനുകളും വിവിധ സംഘടനകളും ഒരുക്കാറുണ്ട്. രാജ്യത്തെ ആദ്യ മോഡൽ ടൂറിസം ഗ്രാമമായ കുമ്പളങ്ങിയിൽ വിദേശികൾക്കായി ഓലമെടയൽ, കയർപിരിക്കൽ, വടംവലി, കസേരകളി ഉൾെപ്പടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കോവിഡിന്റെ ആലസ്യത്തിൽ നിന്നും ടൂറിസം മേഖല ഉണർന്നിട്ടുണ്ടെങ്കിലും പഴയ തിരിച്ചു വരവിലേക്ക് എത്തിയില്ലെന്ന് ഹോം സ്റ്റേ ഉടമകൾ പറയുന്നു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർധിക്കുകയും വിദേശ സഞ്ചാരികളുടെ വരവ് കുറഞ്ഞിരിക്കുകയുമാണ്. കൊച്ചിയിലെ മാലിന്യപ്രശ്നം, ഡെങ്കിപ്പനി എന്നീ പ്രചാരണങ്ങൾ തിരിച്ചടിയായതായി ടൂറിസ്റ്റ് ഗൈഡുകൾ പറയുന്നു.
കുമ്പളങ്ങിയിലും ഫോർട്ട്കൊച്ചിയിലും ഓണപ്പൂക്കളടക്കം ഒരുക്കി വിദേശികൾ സജീവമായിരുന്നു. കടുത്ത ചൂട് കാലാവസ്ഥയും കൊച്ചിയിലെത്തുന്ന സഞ്ചാരികൾക്ക് പ്രതികൂലമാണ്. വിവിധ പദ്ധതികൾ ഒരുക്കി ടൂറിസം രംഗത്തെ സംഘടനകൾ വിദേശികളെ കൊച്ചിയിലേക്ക് ആകർഷിക്കാൻ മുൻകൂട്ടി രംഗത്തുണ്ടായിരുന്നു.
കേരളത്തിൽ ഓണം ആഘോഷിച്ചില്ലെങ്കിൽ വല്ലാത്തൊരു പോരായ്മയാണ് അനുഭവപ്പെടുന്നതെന്ന് കോവിഡിനെ തുടർന്ന് എത്താൻ കഴിയാതിരുന്ന സ്പാനിഷ് സ്വദേശി ബാർബറ എനോലി ഫോർട്ട്കൊച്ചിയിലെ ഓണാഘോഷ ചടങ്ങിനിടെ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ ഓർഗനൈസിങ് സൊസൈറ്റി തിങ്കളാഴ്ച ഫോർട്ട്കൊച്ചി കടപ്പുറത്ത് ജില്ല ഗാട്ടാ ഗുസ്തി മത്സരവും സംഘടിപ്പിച്ചിരുന്നു. കേരള ഹാർഡ്സ് ഫോർകൊച്ചി ഡെസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദേശികൾക്കായി നാടൻ മത്സരങ്ങളും കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു. ഫോർട്ട് കൊച്ചി വൈ.ഡബ്ല്യു.സി ഹാളിൽ നടന്ന ചടങ്ങ് സിനിമാതാരം വിനയ് ഫോർട്ട് ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി ശ്യാം കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, കേരള ഹാർഡ്സ് ഡയറക്ടർ എം.പി ശിവദത്തൻ, സന്തോഷ് ടോം, ഡേവിഡ് ഡിലൈറ്റ്, ഷാജി കുറുപ്പശ്ശേരി എന്നിവർ ആശംസകളർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.