ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഒമ്പത് വർഷം: പാഠമുൾക്കൊള്ളാതെ അധികൃതർ; അഴിമുഖം അപകട ഭീഷണിയിൽ തന്നെ
text_fieldsമട്ടാഞ്ചേരി: 11 ജീവൻ പൊലിഞ്ഞ ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഇന്ന് ഒമ്പത് വർഷം. അമിത വേഗത്തിൽ പാഞ്ഞെത്തിയ മത്സ്യബന്ധന ബോട്ട് അഴിമുഖത്തിന് കുറുകെ സഞ്ചരിക്കുകയായിരുന്ന കൊച്ചി നഗരസഭയുടെ ഭാരത് എന്ന ബോട്ടിൽ ഇടിച്ച് ബോട്ട് നെടുകെ പിളർന്നാണ് ദുരന്തം ഉണ്ടായത്. ഓണാഘോഷങ്ങൾക്കിടെ 2015 ആഗസ്റ്റ് 26ന് ഉച്ചക്കാണ് കൊച്ചി അഴിമുഖത്ത് നഗരസഭയുടെ ‘ഭാരത്’ യാത്ര ബോട്ട് മത്സ്യബന്ധന വള്ളമിടിച്ച് തകർന്ന് മുങ്ങിത്താഴ്ന്നത്. ഫോർട്ട്കൊച്ചി ജെട്ടിക്ക് വാരകൾക്ക് അകലെ നടന്ന അപകടത്തിൽ ഒരു കുട്ടിയും നാലു സ്ത്രീകളുമടക്കം 11 പേർ മരണപ്പെട്ടു. 20ഓളം പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ജെട്ടിക്ക് സമീപമുള്ള ഇന്ധന പമ്പിൽനിന്ന് അതിവേഗത്തിലെത്തിയ ഇൻബോർഡ് വള്ളമാണ് ബോട്ടിനെ നെടുകെ പിളർത്തത്.
മരണപ്പെട്ടവരിൽ ഏറെ പേരും വീട്ടിലെ ആശ്രിതരായിട്ടും സർക്കാർ പ്രഖ്യാപനങ്ങളെല്ലാം ചുവപ്പുനാടയിൽ കുടുങ്ങി. പരിക്കേറ്റവർക്കുള്ള ചികിത്സാ സഹായമടക്കം ജലരേഖയായി.
തുടർന്നു നടന്ന അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയവ പോലും ഇന്നും നടപ്പാക്കാതെ ഭരണകൂടവും അധികൃതരും നിരുത്തരവാദപരമായ സമീപനം തുടരുകയാണ്. ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിൽ പാഠമുൾക്കൊള്ളാതെ അധികൃതർ അലസത തുടരുമ്പോഴും അഴിമുഖം ഇന്നും മത്സ്യബന്ധന യാനങ്ങളുടെ തലങ്ങും വിലങ്ങുമുള്ള അനിയന്ത്രിത പാച്ചിലിന്റെ അപകട ഭീഷണിയിൽ തന്നെയാണ്.
അമിത വേഗത്തിൽ നീങ്ങിയ മത്സ്യബന്ധന യാനങ്ങൾ തുടർന്നും അപകടങ്ങൾ വരുത്തിയിരുന്നു. ടൂറിസ്റ്റ് ജെട്ടിയിൽ രണ്ടുതവണ മത്സ്യബന്ധന യാനങ്ങൾ ഇടിച്ചു. ചീനവലയിലും ടൂറിസ്റ്റ് ബോട്ടിലും ഇടിച്ച സംഭവങ്ങൾ ഉണ്ടായി. മേഖലയിൽ യാത്രാബോട്ടും റോ റോകളും സർവിസ് നടത്തുന്നത് കണക്കിലെടുത്ത് അഴിമുഖത്തേക്ക് മത്സ്യബന്ധന യാനങ്ങൾ പ്രവേശിപ്പിക്കുമ്പോൾ വേഗം കുറക്കണമെന്ന മാനദണ്ഡംപോലും പാലിക്കപ്പെടുന്നില്ലെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ജീവന് വെല്ലുവിളിയുണർത്തുന്ന സമീപനമാണ് അധികൃതരുടേതെന്ന ആക്ഷേപമാണ് ഉയരുന്നത്. വാട്ടർ മെട്രോ സർവിസ് വൈകീട്ട് ഏഴു വരെയാക്കി ചുരുക്കിയിരിക്കുന്നതും മത്സ്യബന്ധന യാനങ്ങളുടെ അപകട ഭീഷണികളെ തുടർന്നാണെന്ന് കഴിഞ്ഞ ദിവസം കൊച്ചി മെട്രോ എം.ഡി തന്നെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.