കാവലാകണം കൊച്ചിയുടെ പെരുമക്ക്
text_fieldsമൂന്ന് വൈദേശിക ആധിപത്യങ്ങൾക്ക് കീഴിലായിരുന്ന കൊച്ചി പ്രദേശം ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞുമായി ഈ ചരിത്രങ്ങളിൽ പലതും ഇന്നും അവശേഷിക്കുന്നുണ്ട്. വിജ്ഞാന കുതുകികൾക്കും ചരിത്ര വിദ്യാർഥികൾക്കും ഇത്തരം വസ്തുതകൾ ഒരു നിധി തന്നെയാണ്. ലോക പൈതൃക മാപ്പിൽ ഇടംപിടിച്ച കൊച്ചിയുടെ ചരിത്ര ശേഷിപ്പുകൾ പലതും സംരക്ഷിക്കാൻ അധികാരികൾക്ക് വലിയ താൽപര്യമില്ല എന്നതാണ് വസ്തുത. തെറ്റായ ചരിത്രങ്ങൾ തങ്ങൾക്ക് ഉതകുംവിധം ക്രമപ്പെടുത്തി പരസ്യപ്പെടുത്തുന്നതിൽ ഇവർ മുൻപന്തിയിലുമാണ്.
രാജ്യത്തെ യൂറോപ്യൻ അധിനിവേശ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ആദ്യ നിർമിതി ഫോർട്ട്കൊച്ചി കടൽത്തീരത്ത് പോർചുഗീസുകാർ പണിത ഇമാനുവൽ കോട്ടയാണ്. ഫോർട്ട്കൊച്ചി എന്ന നാമം തന്നെ (കോട്ട + കൊച്ചി) ഈ കോട്ടയിൽ നിന്നാണ് രൂപപ്പെട്ടത്. 1663ൽ പോർചുഗീസുകാരെ പരാജയപ്പെടുത്തിയ ശേഷം ഈ കോട്ട ഡച്ചുകാർ നശിപ്പിച്ചു.
മൂന്നര നൂറ്റാണ്ടന് ശേഷം കടൽ കയറിയപ്പോൾ തെളിഞ്ഞുവന്ന ഈ കോട്ടയുടെ അടിത്തറയുടെ ചെങ്കൽ ശേഷിപ്പുകൾ സംരക്ഷിച്ച് നിർത്താൻ പോലും ഭരണാധികാരികൾക്ക് കഴിയുന്നില്ല. കൊച്ചിയിലെ കോട്ട എവിടെ എന്ന ഫോർട്ട്കൊച്ചിയിലെത്തുന്ന സഞ്ചാരികളുടെ ചോദ്യത്തിനെങ്കിലും കോട്ടയുടെ ശേഷിപ്പുകൾ മറുപടിയാകുമായിരുന്നു.
ഹോർത്തൂസ് മലബാറിക്കസ്
ലോക സസ്യശാസ്ത്രത്തിന്റെ ആദ്യ അടിസ്ഥാന പുസ്തകമായി കണക്കാക്കുന്ന ഹോർത്തൂസ് മലബാറിക്കസ് തയാറാക്കിയത് ഫോർട്ട്കൊച്ചിയിലാണ്. ഡച്ച് ഭരണകാലത്ത് അന്നത്തെ ഗവർണറായിരുന്ന ഹെൻറിക് ആൻഡ്രിയറിന്റെ നേതൃത്വത്തിൽ ചേർത്തല സ്വദേശി അച്യുതൻ വൈദ്യർ കൊച്ചി സ്വദേശികളായ രംഗ ഭട്ട്, വിനായക ഭട്ട്, അപ്പുഭട്ട് എന്നീ ഭിഷഗ്വരന്മാരുടെ സഹായത്താലാണ് പുസ്തകരചന നടത്തിയത്. ഫോർട്ട്കൊച്ചി വെളിയിലെ ഓടത്തയിലായിരുന്നു മലബാറിലെ മുഴുവൻ സസ്യങ്ങളും ശേഖരിച്ച് ഗവേഷണത്തിനുള്ള തോട്ടം ഒരുക്കിയത്. ഇതോടെയാണ് ഔഷധത്തോട്ടം എന്ന ഡച്ച് വാക്കായ ഓടത്ത എന്ന് സ്ഥലത്തിന് പേരു വന്നതുതന്നെ. ഈ ഉദ്യാനത്തിന്റെ ശേഷിപ്പായി കൂറ്റൻ കവാടത്തിന്റെ ഒരുഭാഗം ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒരർഥത്തിൽ ലോകത്തിലെ ആദ്യ ബൊട്ടാണിക്കൽ ഗാർഡന്റെ അവശിഷ്ടം. ഇത് സംരക്ഷിച്ച് ചരിത്രം നിലനിർത്താൻപോലും അധികൃതർക്ക് കഴിയുന്നില്ല.
അരിയിട്ടു വാഴിച്ച കോവിലകം
കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം, അധികാര കൈമാറ്റം എന്നിവ നടന്നിരുന്നത് മട്ടാഞ്ചേരി ടൗൺ ഹാളിന് സമീപത്തെ അരിയിട്ടു വാഴിച്ച കോവിലകത്തായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ മുടക്കി നവീകരിച്ച ഈ കോവിലകം കൊച്ചി രാജചരിത്രത്തിന്റെ ഭാഗമാണെങ്കിലും ഇതുവരെ സഞ്ചാരികൾക്കായി തുറന്നുകൊടുത്തിട്ടില്ല. കോവിലകത്തെ മണിച്ചിത്രത്താഴ് അടക്കം വിലപിടിപ്പുള്ള സാധനങ്ങൾ വർഷങ്ങൾക്ക് മുമ്പ് മോഷണം പോയിരുന്നു. ഇപ്രകാരം ഒട്ടേറെ ചരിത്രപ്രധാനമുള്ള സ്ഥലങ്ങൾ ഉണ്ടെങ്കിലും അവയൊന്നും സംരക്ഷിക്കാനോ കൊച്ചിയിലെത്തുന്ന സഞ്ചാരികൾക്ക് ചരിത്രപ്രധാനമായ സ്ഥലങ്ങളുടെ വിവരങ്ങൾ നൽകുന്ന ബോർഡുകൾ സ്ഥാപിക്കാനോ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല എന്നത് പൈതൃക സംരക്ഷണത്തിൽ ബന്ധപ്പെട്ടവരുടെ നിസ്സംഗതക്ക് തെളിവാണ്. അധികൃതരുടെ ഈ സമീപനം പൈതൃക കൊച്ചിയുടെ പെരുമയാണ് ഇല്ലാതാക്കുന്നത്. ലോകത്ത് കണ്ടിരിക്കേണ്ട പ്രധാന നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയെ നിലനിർത്താൻ ഇനിയെങ്കിലും സർക്കാറും പ്രാദേശിക ഭരണകൂടങ്ങളും ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.