ഇത് വല്ലോം നടപടിയാകുമോ!..
text_fieldsഫോർട്ട്കൊച്ചി: പൈതൃക നഗരിയായ ഫോർട്ടുകൊച്ചിക്ക് ആദ്യം ഓണ സമ്മാനമായും, പിന്നീട് പുതുവത്സര സമ്മാനമായും പ്രഖ്യാപിച്ച കൊച്ചി ജല മെട്രോയുടെ ഫോർട്ട്കൊച്ചി ജെട്ടി നിർമാണം അനന്തമായി നീളുന്നു. ജല മെട്രൊ ജെട്ടിയും, സർവീസും എന്ന് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർക്ക് ഇപ്പോഴും പ്രഖ്യാപിക്കാൻ കഴിയുന്നില്ല. അഴിമുഖത്തെ ജെട്ടി നിർമാണത്തിൽ കുസാറ്റ് - മദ്രാസ് ഐ.ഐ.ടിയിലെ സാങ്കേതിക പഠന റിപ്പോർട്ട് കാത്തിരിക്കുകയാണ് അധികൃതരെന്നാണ് വിവരം. സംസ്ഥാനത്ത് സഞ്ചാരികൾ ഏറെയെത്തുന്ന ടൂറിസം കേന്ദ്രം കൂടിയാണിത്. ആദ്യ ഘട്ടത്തിലെ ജല മെട്രോ സർവീസ് കമീഷനിങ് പട്ടികയിലുള്ള ഫോർട്ട് കൊച്ചി , മട്ടാഞ്ചേരി ജെട്ടി നിർമാണം നീണ്ടു പോയതും പ്രതിസന്ധി പരിഹരിക്കപ്പെടാത്തതും തീരദേശ കൊച്ചിയിലേക്കുള്ള സർവീസിനെ ഒരർഥത്തിൽ അനിശ്ചിതത്വത്തിലാക്കുകയാണ്.
ജല മെട്രോയുടെ 6.7 കിലോമീറ്റർ നീളമുള്ള മൂന്നാമത്തെ റൂട്ടിലെ ഹൈകോടതി -വൈപ്പിൻ സർവീസിലാണ് ഫോർട്ട് കൊച്ചി ഉൾപ്പെടുന്നത്. നിർമാണം അനിശ്ചിതത്വത്തിലായതോടെ ഉദ്ഘാടന റൂട്ടിൽ ഫോർട്ട്കൊച്ചിയെ ഒഴിവാക്കിയാണ് മെട്രോ സർവീസ് നടത്തി വരുന്നത്. 2021ൽ നിർമാണം തുടങ്ങിയ ഫോർട്ട്കൊച്ചി മെട്രോ ജെട്ടി ചീനവല സംരക്ഷണം, പൈതൃക കെട്ടിടം പൊളിക്കൽ, തുറമുഖട്രസ്റ്റിന്റെ അംഗീകാരമില്ലായ്മ, എൻ.ഒ.സി നേടൽ, ജെട്ടി നിർമാണത്തിലെ സാങ്കേതികത്വം, സുരക്ഷ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളും നിർമാണ സാമഗ്രികളുടെ ഗുണനിലവാര തർക്കങ്ങളും നിയമനടപടികളും മൂലം അനന്തമായി നീളുകയാണ്. കടലും കായലും സംഗമിക്കുന്ന ഫോർട്ട്കൊച്ചി മെട്രോ ജെട്ടിയിൽ മറൈൻ പ്ലാറ്റ് ഫോം നിർമാണം നീളുന്നതാണ് സർവീസ് സജ്ജമാകാൻ കാലതാമസത്തിനിടയാക്കുന്നത്. കടൽ കയറ്റം,
അടിയൊഴുക്ക് എന്നിവ പ്ലാറ്റ് ഫോം നിർമാണത്തിന് തടസമാണ്. ജെട്ടിയുടെ ടെർമിനൽ ഹാളും പാലവും മാത്രമാണ് ഇതുവരെ പുർത്തിയായത്. നിലവിലെ സ്ഥിതിയിൽ മെട്രോയുടെ ഫോർട്ട്കൊച്ചി സർവീസ് പുതുവത്സരത്തിനും സജ്ജമാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.