നിർമാണത്തിന് നാലു കമ്പനികളുടെ ടെൻഡർ ലഭിച്ചു; മട്ടാഞ്ചേരി വാട്ടർ മെട്രോ ജെട്ടി നിർമാണം; പ്രതീക്ഷകൾക്ക് ചിറകുവെക്കുന്നു
text_fieldsമട്ടാഞ്ചേരി: കൊച്ചി മെട്രോയുടെ മട്ടാഞ്ചേരി വാട്ടർ മെട്രോ ജെട്ടി ടെർമിനൽ നിർമാണത്തിന് പ്രതീക്ഷയേറി. നിർമാണത്തിന് നാലു കമ്പനികളുടെ ടെൻഡർ ലഭിച്ചു. ഈയാഴ്ചതന്നെ നിർമാണ കരാർ ഉറപ്പിക്കുമെന്നാണ് സൂചന. ഒമ്പത് മാസമാണ് നിർമാണ കാലാവധി. തടസ്സങ്ങളൊന്നുമില്ലെങ്കിൽ 2024ലെ ഓണസമ്മാനമായി മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനൽ പൊതുജനങ്ങൾക്ക് സമർപ്പിക്കാനാവുമെന്നാണ് ബന്ധപ്പെട്ടവർ വിലയിരുത്തുന്നത്. അതേസമയം, കായൽത്തീരത്ത് അടിഞ്ഞുകൂടിയ എക്കൽ നീക്കം പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ജല മെട്രോ ജെട്ടിയിൽ ആദ്യ പട്ടികയിലുള്ള മട്ടാഞ്ചേരി ജെട്ടി നിർമാണം അനന്തമായി നീളുകയായിരുന്നു. ഒന്നര ഏക്കർ സ്ഥലം ഏറ്റെടുക്കുകയും പുരാവസ്തു വകുപ്പിന്റേതടക്കം അനുമതി ലഭിച്ചെങ്കിലും 2019ൽ പൂർത്തിയാക്കേണ്ടിയിരുന്ന ജെട്ടി നിർമാണം ചുമതല ഏൽപിച്ച കരാറുകാരൻ മുങ്ങിയതോടെയാണ് പ്രശ്നം സൃഷ്ടിച്ചത്.
ഒടുവിൽ ഹൈകോടതിതന്നെ ജെട്ടി നിർമാണത്തിൽ ഇടപെട്ട് ഒരു വർഷത്തിനകം നിർമാണം പൂർത്തീകരിക്കണമെന്ന ഉത്തരവ് നൽകി. ഹൈകോടതിയുടെ ഇടപെടലിലൂടെ ജെട്ടി നിർമാണത്തിന് ജീവൻവെച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. ഫോർട്ട്കൊച്ചി വാട്ടർ മെട്രോ ജെട്ടി നിർമാണം പൂർത്തീകരിച്ച് പുതുവർഷ സമ്മാനമായി ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തിലാണ് മെട്രോ അധികൃതർ. രണ്ട് ജെട്ടികളും പ്രവർത്തനസജ്ജമാകുന്നത് ടൂറിസം മേഖലക്കും പുത്തൻ ഉണർവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.