പിടിച്ചുനിൽക്കാനാകുന്നില്ല; 'ബയോ ഡീസൽ' കെണിയിലേക്ക് ചരക്കുവാഹനങ്ങളും സ്വകാര്യബസുകളും
text_fieldsകൊച്ചി: കുതിച്ചുയരുന്ന ഡീസൽ വിലയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ 'ബയോ ഡീസലി'െൻറ കെണിയിലേക്ക് ചരക്കുവാഹനങ്ങളും സ്വകാര്യബസുകളും. ഡീസൽ വില അനുദിനം ഉയർന്നതിനാൽ 70 രൂപക്ക് അനധികൃത ബയോ ഡീസൽ വിൽക്കാൻ വൻ ലോബി രംഗത്തുണ്ട്. കൊച്ചി തുറമുഖത്താണ് ബയോ ഡീസൽ എത്തുന്നത്. വാഹനങ്ങളിൽ ഇത് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
കുറഞ്ഞ ഗ്രേഡിലെ പാംഓയിൽ, ഉപയോഗിച്ച പാചക എണ്ണ, മറ്റ് അസംസ്കൃത പദാർഥങ്ങൾ എന്നിവ സംസ്കരിച്ചാണ് യഥാർഥ ബയോ ഡീസൽ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ എണ്ണക്കമ്പനികൾക്ക് ബയോ ഡീസൽ ഏറ്റെടുത്ത് 100 നഗരങ്ങളിൽ വിതരണം ചെയ്യാൻ അനുമതി നൽകിയിരുന്നു.
അനധികൃതമായി നിർമിക്കുന്ന ബയോ ഡീസൽ സ്വകാര്യ ഏജൻസികൾ നേരിട്ട് ലോറി ഉടമകളിലേക്ക് എത്തിക്കുകയാണ്. വ്യാപക മലിനീകരണവും വാഹനങ്ങൾക്ക് തകരാറും വരുത്തുന്നവയാണ് അനധികൃത ബയോ ഡീസലെന്ന് മോട്ടോർ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
200 ലിറ്ററിെൻറ വീപ്പയിൽ വാഹന ഉടമ പറയുന്ന സ്ഥലത്ത് അനധികൃത ബയോ ഡീസൽ എത്തിക്കുന്നുണ്ട്.
ചെറിയ മോട്ടോർ, അല്ലെങ്കിൽ കൈകൊണ്ട് കറക്കുന്ന പമ്പ് എന്നിവ ഉപയോഗിച്ചാണ് വാഹന ടാങ്കിലേക്ക് പകർത്തുക. സംസ്ഥാനത്ത് ഓടുന്ന പഴയ സ്വകാര്യബസുകളും ചരക്കുലോറികളും ഭൂരിഭാഗവും ഇത്തരം ബയോ ഡീസലിെൻറ കെണിയിൽ അകപ്പെട്ടു കഴിഞ്ഞു.
ബയോ ഡീസൽ വണ്ടിയുടെ ഡീസൽ ഫിൽറ്ററിന് തകരാർ വരുത്തുന്നുണ്ടെന്നും വഴിയിൽ നിന്നുപോകുന്നുണ്ടെന്നും ട്രക്ക് ഉടമകൾ പറയുന്നു. പുതിയ ചരക്കുവാഹനങ്ങൾക്ക് കമ്പനി അഞ്ചുവർഷം ഫ്രീ സർവിസ് നൽകുന്നത് ബയോ ഡീസലാണ് ഉപയോഗിച്ചതെന്ന് തെളിഞ്ഞാൽ റദ്ദാക്കും.
ഡീസൽ വിൽപന ഇടിഞ്ഞു
വില കത്തിക്കയറിയതോടെ സംസ്ഥാനത്ത് ഡീസൽ വിൽപനയിൽ ഇടിവ്. പൊതുഗതാഗത മാർഗങ്ങളിൽ യാത്ര ചെയ്തിരുന്നവർ കോവിഡ് മൂലം ഇരുചക്ര വാഹനങ്ങളിലേക്ക് മാറി. വാഹന നിർമാണ കമ്പനിയായ മാരുതി ഡീസൽ വാഹനങ്ങൾ ഒഴിവാക്കിയതും ഡീസൽ വിൽപന കുറച്ചു.
ഡീസൽ വില പേടിച്ച് സ്വകാര്യബസുകൾ സി.എൻ.ജിയിലേക്ക് മാറുകയാണ്. നാലര ലക്ഷം രൂപക്ക് ബസ് സി.എൻ.ജിയിലേക്ക് മാറ്റാനാകും. ഇതിലൂടെ പ്രതിദിനം 2000 രൂപയെങ്കിലും ലാഭിക്കാം. ഇതിന് പുറമെ, അനധികൃത ബയോ ഡീസൽ വിൽപനയും പെട്രോൾ പമ്പുകളിലെ ഡീസൽ വിൽപനയെ ബാധിച്ചിട്ടുണ്ട്.
ഓരോ വർഷവും 10 ശതമാനം പെട്രോൾ, ഡീസൽ വിൽപന സംസ്ഥാനത്ത് കൂടിയിരുന്നത് നിലവിൽ ഡീസലിെൻറ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്ന് ഒാൾ കേരള ഫെഡറേഷൻ ഓഫ് പെട്രോൾ പമ്പ് ഡീലേഴ്സ് ജനറൽ സെക്രട്ടറി വി.എസ്. അബ്ദുറഹ്മാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.