പുഴയോരത്ത് മാലിന്യം തള്ളിയത് തിരികെ വാരിച്ചു; പിഴയും ഈടാക്കി
text_fieldsമൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ കായനാട് മറ്റേപാടത്ത് പുഴയോട് ചേർന്ന് മാലിന്യം തള്ളിയ സംഘത്തിൽനിന്ന് 25,000 രൂപ പിഴ ഈടാക്കി.
മാലിന്യം തിരികെ വാരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്ന് പുഴയോരത്ത് കെട്ടിട അവശിഷ്ടങ്ങൾ അടക്കം മാലിന്യങ്ങൾ തള്ളിയത്. രാത്രിയുടെ മറവിൽ ലോഡുകണക്കിന് മാലിന്യം തള്ളിയ വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, മാലിന്യം തള്ളിയ പറവൂർ സ്വദേശിയായ വാഹന ഉടമയെ വിളിച്ചുവരുത്തി പിഴ ഈടാക്കിയശേഷം മാലിന്യം മുഴുവൻ തിരികെ വാരിക്കുകയായിരുന്നു.
മാറാടി മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനിരിക്കെയാണ് ലോഡുകണക്കിന് മാലിന്യങ്ങൾ തള്ളിയത്. മാലിന്യ മുക്ത പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി ഇതിലെ കടന്നുപോകുന്ന എം.സി റോഡും മൂവാറ്റുപുഴ -പിറവം റോഡും ഉൾപ്പെടെ ഭാഗങ്ങളിൽനിന്ന് ലോഡുകണക്കിന് മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും അടക്കം സഹായത്തോടെ നാലുതവണ പഞ്ചായത്തിലെ മൊത്തം മാലിന്യങ്ങൾ നീക്കം ചെയ്തു. ഇതിനിടെയാണ് വീണ്ടും മാലിന്യം തള്ളിയത്.
ഈ സാമ്പത്തിക വർഷം പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.