നഗരസഭ ഡംബിങ് യാഡിൽ മാലിന്യം കെട്ടിക്കിടക്കുന്നു; മാലിന്യനീക്കം കരാറിന് വിരുദ്ധമെന്നാക്ഷേപം
text_fieldsകളമശ്ശേരി: ഉറവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യം നഗരസഭ ഡംബിങ് യാർഡിൽ നിന്ന് നീക്കംചെയ്യുന്നത് കരാറിന് വിരുദ്ധമെന്നാക്ഷേപം.
ശേഖരിക്കുന്ന മാലിന്യം അതാത് ദിവസം തന്നെ കൊണ്ടുപോകണമെന്നാണ് കരാർ വ്യവസ്ഥ. എന്നാൽ, മൂന്നാഴ്ചയോളമായി മാലിന്യനീക്കം കൃത്യമായി നടക്കുന്നില്ല. ദേശീയ പാതയോരത്തെ കേന്ദ്രത്തിൽ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ്.
തിരുവനന്തപുരം സ്വദേശിയുമായാണ് നഗരസഭ കരാർ. മാലിന്യം കൊണ്ടുപോകുന്നത് നഗരസഭ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. കൊണ്ടുപോകുന്ന വാഹനത്തിൽ ജി.പി.എസ് ഘടിപ്പിക്കണമെന്ന നിർദേശവും നടപ്പായിട്ടില്ല.
ഒരു കിലോ മാലിന്യം നീക്കംചെയ്യുന്നതിന് അഞ്ച് രൂപയാണ് നഗരസഭ നൽകുന്നത്. എന്നാൽ, തൂക്കം പരിശോധിക്കുന്നതിലും വീഴ്ചയുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് പ്രതിപക്ഷം ചോദ്യമുന്നയിച്ചിരുന്നു. കൗൺസിലർ ടി.എ. അസൈനാർ വിഷയത്തിൽ കൃത്യമായ മറുപടി ആവശ്യപ്പെട്ടെങ്കിലും കരാറുകാരന് പണം നൽകാത്തതാണ് മാലിന്യനീക്കം തടസപ്പെടാനിടയായതെന്നാണ് നഗരസഭ ക്ലീൻ സിറ്റി മാനേജർ കൗൺസിലിൽ വിശദീകരിച്ചത്.
വീടുകളിൽ നിന്ന് ഹരിതകർമ്മസേന പിരിച്ചെടുക്കുന്ന കലക്ഷൻ കുറവാണ്.
ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവുണ്ടെന്നും മാനേജർ ചൂണ്ടിക്കാട്ടി. അതേസമയം, നഗരസഭ പരിധിയിലെ 28,000ത്തോളം വീടുകൾ ഉള്ളതിൽ 14,106 വീടുകളാണ് രജിസ്ട്രർ ചെയ്തിട്ടുള്ളതത്രെ.
ദിവസം അഞ്ച് ടൺ മാലിന്യം ഉണ്ടായിരുന്നിടത്ത് ഇന്ന് 10 ടൺ മാലിന്യമാണ് ലഭിക്കുന്നത്. കൊണ്ടുപോകുന്ന മാലിന്യം സംസ്കരിക്കുന്നതിലും അവ്യക്തത നിലനിക്കുകയാണ്. തൊടുപുഴയിലെ പിറ്റ് കമ്പോസ്റ്റിങ് ചെയ്യുന്നതിലേക്കെന്നാണ് കരാറിൽ പറഞ്ഞിരുന്നത്. എന്നാൽ, മറ്റു പലയിടങ്ങളിലേക്കുമാണ് കൊണ്ടുപോകുന്നതെന്നാണ് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.