ജി.സി.ഡി.എ ബജറ്റ്; അടിസ്ഥാന സൗകര്യത്തിനും ആസൂത്രിത വികസനത്തിനും മുൻഗണന
text_fieldsകൊച്ചി: അടിസ്ഥാന സൗകര്യനവീകരണത്തിനും ആസൂത്രിത വികസനത്തിനും മുൻഗണന നൽകി ജി.സി.ഡി.എ ബജറ്റ്. നഗര വികസനം ത്വരിതപ്പെടുത്തുന്നതിനൊപ്പം തീരദേശ വികസനത്തിനും വിനോദ പരിപാടികൾക്കും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആകെ 259.41 കോടി വരവും 218.88 കോടി ചെലവും 40.53 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ചെയർമാൻ കെ. ചന്ദ്രൻപിള്ള അവതരിപ്പിച്ചത്.
വിശാല കൊച്ചിയുടെ സമഗ്രവികസനം ലക്ഷ്യം
വിശാല കൊച്ചിയുടെ സമഗ്രവികനത്തിന് ഉതകുന്ന പദ്ധതികളാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഐ.ടി, ടൂറിസം മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും കൊച്ചിയെ ഇവകളുടെ ഹബ്ബാക്കി മാറ്റുന്നതിനും പദ്ധതികളുണ്ട്. ജി.സി.ഡി.എയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നഗരവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി വിശാല കൊച്ചി@ 2035 സെമിനാറും യുവാക്കളിൽ കായിക അവബോധം വളർത്താൻ ജി.സി.ഡി.എ ചെയർമാൻ കപ്പ് ഫുട്ബാൾ-ക്രിക്കറ്റ് ടൂർണമെന്റുകളും നടത്തും. ഇതിനായി 20 ലക്ഷം വകയിരുത്തി. അംബേദ്കർ സ്റ്റേഡിയം നവീകരണത്തിന് ഒരുകോടിയും വകയിരുത്തി.
ഇൻഫോപാർക്ക്മൂന്നാം ഘട്ട വികസനത്തിന് പച്ചക്കൊടി
ഇൻഫോപാർക്കിന്റെ മൂന്നാംഘട്ട വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഒന്നരക്കോടി നീക്കിവെച്ചു. മുന്നൂറേക്കറിലാണ് മൂന്നാംഘട്ട വികസനം. ഇതുവഴി ഒരു ലക്ഷം പേർക്ക് തൊഴിലും 150 ലക്ഷം ചതുരശ്രയടി ഐ.ടി സ്പേസുമാണ് ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം തൃപ്പൂണിത്തുറ, ആലുവ, ഫോർട്ട്കൊച്ചി ടൂറിസം പദ്ധതികൾക്ക് 25 ലക്ഷം, മറൈൻ ഡ്രൈവ് നവീകരണത്തിന് 10 ലക്ഷം, ഫോർട്ട്കൊച്ചി ധോബിഖാന കോംപ്ലക്സ് നിർമാണത്തിന്റെ ആദ്യഘട്ടത്തിന് 3.6 കോടി, വരാപ്പുഴ മാർക്കറ്റ് പുനർനിർമാണം 10 ലക്ഷം, ഷീ ഹോസ്റ്റൽ 7.5 കോടി, ഫുഡ് സ്ട്രീറ്റ് 25 ലക്ഷം, കാക്കനാട് ഒലിമുഗളിൽ മൾട്ടി സ്റ്റോറീസ് കോംപ്ലക്സിന് 10 ലക്ഷം, റെന്റൽ വീട് പദ്ധതിക്ക് ഏഴുകോടി, പനമ്പിള്ളി നഗറിൽ ഗോഡൗൺ നിർമിക്കുന്നതിന് 1.5 കോടി, കായൽസമര സ്മാരക ഹോസ്റ്റൽ നിർമാണത്തിന് 1.5 കോടി, വനിത ഫിറ്റ്നസ് സെന്ററിന് രണ്ടുകോടി, കടവന്ത്ര സ്റ്റാഫ് ക്വാർട്ടേഴ്സ് നവീകരണത്തിന് ഒരുകോടിയും മാറ്റിവെച്ചു.
ആധുനിക ബസ് ടെർമിനലുകൾക്ക് പച്ചക്കൊടി
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനും മെട്രോ സ്റ്റേഷനും സമീപത്തുള്ള അഞ്ചര ഏക്കറിലാണ് ബസ് ടെർമിനൽ സ്ഥാപിക്കുന്നത്. നിലവിലെ ബസ് ടെർമിനൽ വിപുലീകരണ സാധ്യമല്ലാത്തതിനാലാണിത്. ഇതോടനുബന്ധിച്ച് ചെല്ലാനത്തും ആധുനിക രീതിയിലുള്ള ബസ് ടെർമിനൽ സ്ഥാപിക്കും.
കീഴ്മാട് പഞ്ചായത്തിൽ മൾട്ടി പർപ്പസ് ഗ്രൗണ്ട്, എടത്തല പഞ്ചായത്തിൽ മിനിസ്പോർട്സ് ആക്ടിവിറ്റി ഏരിയക്ക് 10 ലക്ഷം, പറവൂർ സ്പോർട്സ് ആക്ടിവിറ്റി സെന്ററിനായി 50 ലക്ഷം, വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകൾ ഹാപ്പിനസ് പാർക്കിന് 25 ലക്ഷം, കാക്കനാട്, മരട് എന്നിവിടങ്ങളിൽ ഫുഡ്ഹബിനായി 65 ലക്ഷവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കൂടാതെ ജേണലിസ്റ്റ് കോളനി നവീകരണം, ഹൈകോർട്ട് ജങ്ഷനിൽ ബഹുനില വാണിജ്യ സമുച്ചയം, കാക്കനാട് ഷോപ്പിങ് കോംപ്ലക്സ്, മറൈൻ ഡ്രൈവിലും കലൂർ സ്റ്റേഡിയത്തിലും ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ തുടങ്ങി നിരവധി പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.