ഹരിതവിദ്യാലയത്തിലേക്കൊരു ഹരിതച്ചുവട്
text_fieldsമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ അധ്യയനവർഷം നടത്തുന്ന ജനകീയ വിദ്യാഭ്യാസ കാമ്പയിൻ ഹരിതം സമൃദ്ധത്തിനും ഇന്ന് തുടക്കമാകും. ജില്ല പഞ്ചായത്തിന്റെയും ഭരണകൂടത്തിന്റെയും മാലിന്യമുക്തം നവകേരളം കാമ്പയിൻ സെക്രട്ടേറിയറ്റിന്റെയും നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ തുടങ്ങിയ വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് കാമ്പയിൻ ജില്ലയിൽ നടപ്പാക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പ്രവേശനോത്സവം ഹരിതോത്സവമായിട്ടാണ് സംഘടിപ്പിക്കുന്നത്. കൊടിതോരണങ്ങൾ, ബാനറുകൾ തുടങ്ങിയ പൂർണമായും പ്ലാസ്റ്റിക് രഹിതമാക്കി കുരുത്തോലകൾ, ഇലകൾ, തുണികൾ തുടങ്ങിയ പ്രകൃതിസൗഹൃദ ഉൽപന്നങ്ങൾ ഉപയോഗിക്കും. ജൂൺ അഞ്ച് പരിസ്ഥിതിദിന പ്രമേയം ‘പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ’ എന്നതാണ്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് തുണികൾകൊണ്ട് നിർമിച്ച പെൻസിൽ പൗച്ചുകളുടെ വിതരണം സംഘടിപ്പിക്കും. കൂടാതെ സത്യപ്രതിജ്ഞ, രചന മത്സരങ്ങൾ, പച്ചത്തുരുത്തുകൾ, ഹരിതവീഥികൾ എന്നിവയുടെ നിർമാണവും സംഘടിപ്പിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ ഒരു വാർഡിനെ ഹരിതവാർഡാക്കി മാറ്റുക, ബസ് സ്റ്റോപ്പുകളുടെ ശുചീകരണവും പരിപാലനവും തുടങ്ങി ഒരുവർഷക്കാലം നീളുന്ന പ്രവർത്തന പരിപാടികളാണ് ഹരിതം സമൃദ്ധത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക. മാലിന്യ പരിപാലനത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന എല്ലാ വിഭാഗം സ്കൂളുകൾക്കും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഹരിതമികവിനുള്ള ഗ്രീൻ എക്സലൻസി പുരസ്കാരങ്ങൾ വർഷത്തിൽ രണ്ടുതവണ നൽകും. ജൈവ മാലിന്യം ഉറവിടത്തിൽതന്നെ വളമായോ ഗ്യാസാക്കിയോ മാറ്റുകയും അജൈവ പാഴ്വസ്തുക്കൾ ഹരിതകർമ സേനക്ക് കൈമാറുകയും ചെയ്യണം.
മാലിന്യ പരിപാലന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ബ്ലോക്ക് തലത്തിൽ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.