പിതാവിന്റെ ‘സൈക്കിളോടിക്കൽ’ മൂവ്; ജയം മക്കൾക്ക്
text_fieldsകൊച്ചി: ഒരു രസത്തിന് പിതാവിന്റെ വഴിയേ സൈക്കിൾ ചവിട്ടിത്തുടങ്ങി, പിന്നെയത് കാര്യമാക്കി ഒടുവിൽ സംസ്ഥാന സ്കൂൾ കായികമേളയിലെ മത്സരത്തിൽ സ്വർണമെഡൽ നേടിയ കഥയാണ് സീനിയർ ടൈംട്രയൽ വിഭാഗം മത്സരങ്ങളിലെ വിജയികൾക്ക് പറയാനുള്ളത്. ആൺകുട്ടികളിൽ എറണാകുളം പെരുമാനൂർ സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസിലെ പത്താംക്ലാസുകാരൻ അസീം റഹ്മാനും പെൺകുട്ടികളിൽ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലെ പി. ദേവമിത്രയുമാണ് സൈക്ലിങിൽ ഒന്നാമതെത്തിയത്. കലൂർ ആർ.ബി.ഇസഡ് സൈക്കിൾ ക്ലബിലെ താരമായ അസീമിനെ സൈക്ലിസ്റ്റായിരുന്ന പിതാവ് അസീം റഹ്മാനാണ് ഈ പാതയിൽ നയിച്ചത്. കണ്ടെയ്നർ റോഡിൽ ഒരുക്കിയ സൈക്ൾ ട്രാക്കിൽ 14 കി.മീ ടൈം ട്രയൽ 18.48 മിനിറ്റിലാണ് ഓടിയെത്തിയത്. പള്ളുരുത്തി തങ്ങൾ നഗർ സ്വദേശിയായ അസീമിന്റെ പിതാവ് പൊന്നാരത്തുപടി മുജീബ് റഹ്മാൻ ബൈക്ക് വർക്ക് ഷോപ്പ് നടത്തുകയാണ്. മാതാവ് അഹിത. ഇളയ ഇരട്ട സഹോദരങ്ങളായ ആഷിസ് റഹ്മാനും ആലിയ റഹ്മാനും സൈക്ലിങ് ലോകത്ത് തുടക്കമിട്ടിട്ടുണ്ട്.
കോട്ടയം സൈക്ലിങ് ക്ലബിന്റെ തുടക്കക്കാനും 16 വർഷമായി സൈക്ലിങ്ങ് രംഗത്തുള്ള കോട്ടയം മാടപ്പള്ളി തറയിൽ പ്രമോദിന്റെ മകളായ ദേവമിത്ര മൂന്നാം വയസ്സിൽ സ്കേറ്റിങ്ങിലായിരുന്നു തുടക്കം. പത്താംവയസ്സിൽ പിതാവിനൊപ്പം പ്രഫഷണൽ സൈക്ലിങ്ങിലേക്കിറങ്ങി. അടുത്തിടെ കാസർകോട്ട് കേരള സൈക്ലിങ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ സ്വർണം സ്വന്തമാക്കിയതിന് പിന്നാലെയാണ് പ്ലസ് വൺ വിദ്യാർഥിനി ദേവമിത്ര സംസ്ഥാന കായികമേളയിൽ വീണ്ടുമൊരു സ്വർണത്തിലേക്ക് സൈക്കിളോടിച്ചത്. നിരവധി തവണ ദേശീയ മത്സരങ്ങളിലും മാറ്റുരച്ച ദേവമിത്ര തനിക്ക് മത്സരത്തിൽ സമ്മാനമായി ലഭിച്ച പുത്തൻ സൈക്കിൾ, മറ്റൊരു കുട്ടിക്ക് സമ്മാനിച്ച് മാതൃകയായിരുന്നു. റോളർ സ്കേറ്റിങ് താരമായ സഹോദരി വേദമിത്രയും സൈക്ലിങ്ങിൽ സ്റ്റാറാണ്. ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനാണ് പിതാവ്, അമ്മ സൗമ്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും.
മാസ് സ്റ്റാർട്ട് വിഭാഗം ആൺകുട്ടികളുടെ ഇനത്തിൽ എറണാകുളം തൃക്കണാർവട്ടം ശ്രീനാരായണ എച്ച്.എസ്.എസിലെ അഭിഷേക് എസ് നായരും പെൺകുട്ടികളിൽ എറണാകുളം സെൻറ് തെരേസാസ് എച്ച്.എസ്.എസിലെ കരോളിൻ നിജിലും ഒന്നാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.