സ്വർണക്കടത്ത്: അഞ്ചുപേരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് എൻ.െഎ.എ
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ അഞ്ചുപേരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് എൻ.ഐ.എ. കേസിൽ മാപ്പുസാക്ഷിയാകാൻ സന്നദ്ധത അറിയിച്ച് രഹസ്യമൊഴി നൽകിയ അഞ്ചുപേരെയാണ് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി മാപ്പ് നൽകണമെന്ന ആവശ്യവുമായി എൻ.ഐ.എ എറണാകുളം പ്രത്യേക കോടതിയെ സമീപിച്ചത്.
അടുത്തിടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ ആരോപണം ഉന്നയിച്ച മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ, മറ്റ് പ്രതികളായ മുഹമ്മദ് അൻവർ, മുസ്തഫ, അബ്ദുൽ അസീസ്, നന്ദഗോപാൽ എന്നിവർക്കാണ് മാപ്പ് നൽകണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടത്. ഇവർ നേരത്തേ കോടതി മുമ്പാകെ രഹസ്യമൊഴി നൽകിയിരുന്നു. മാപ്പ് നൽകുന്നതോടെ ഇവർ കേസിലെ നിർണായക സാക്ഷികളായി മാറും.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ കേസിലെ പ്രതികളായ അൻവർ, അസീസ്, മുസ്തഫ, നന്ദഗോപാൽ എന്നിവർ ഹാജരായിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട നടപടികൾ ഈമാസം 29ലേക്ക് മാറ്റി. അന്ന് സന്ദീപ് നായരെ ഹാജരാക്കാനും നിർദേശമുണ്ട്.
എട്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കം എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
സ്വപ്നക്ക് പുറമെ ഒന്ന്, അഞ്ച്, ആറ്, ഏഴ്, 10, 12, 13 പ്രതികളായ തിരുവനന്തപുരം തിരുവല്ലം മുദ്രയിൽ പി.എസ്. സരിത് (34), മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ തെക്കേകളത്തിൽ കെ.ടി. റമീസ് (33), മൂവാറ്റുപുഴ ആനിക്കാട് അരയൻകാലായിൽ എ.എം. ജലാൽ (38), മലപ്പുറം ഐക്കരപ്പടി പന്നിക്കോട്ടിൽ പി. മുഹമ്മദ് ഷാഫി (36), മൂവാറ്റുപുഴ വെള്ളൂർകുന്നം പെരുമറ്റം കരിക്കനക്കുടിയിൽ റബിൻസ് ഹമീദ് (42), മൂവാറ്റുപുഴ പുതുപ്പാടി മുള്ളരിക്കാട്ട് മുഹമ്മദലി (44), പെരിന്തൽമണ്ണ കക്കൂത്ത് കുറുപ്പൻതൊടി കെ.ടി. ഷറഫുദ്ദീൻ (38) എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി തള്ളിയത്.
പ്രതികൾക്ക് ഗൂഢാലോചനയിലും തുടർന്ന് കള്ളക്കടത്ത് നടത്താനുള്ള പദ്ധതികളിലും പങ്കാളിത്തമുണ്ടെന്ന് നിരീക്ഷിച്ചാണ് ജഡ്ജി കെ. കമനീസ് ജാമ്യം നിരസിച്ചത്. കുറ്റകൃത്യത്തിലെ ഓരോ പ്രതിയുടെയും പങ്കാളിത്തം അക്കമിട്ട് നിരത്തിയും ഫോൺവഴി ബന്ധപ്പെട്ടതിെൻറ വിവരങ്ങളും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിരസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.