ഗൂഗിൾപേ വഴി പണം തട്ടിയ യുവാക്കൾ അറസ്റ്റിൽ
text_fieldsകൊച്ചി: ഗൂഗിൾ പേ വഴി കബളിപ്പിച്ച് പണം തട്ടിയ യുവാക്കളെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ തെക്കേടത്ത് വീട്ടിൽ ഫായിസ് (23), ആലുവ കീഴ്മാട് കാട്ടോളിപറമ്പ് വീട്ടിൽ ഒമർ മുക്താർ (21), പോഞ്ഞാശ്ശേരി പുത്തൻപുരക്കൽ വീട്ടിൽ സാബിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ബസിൽ പോകാൻ പൈസ ഇല്ലെന്നും 1000 രൂപ നൽകിയാൽ പകരം ഗൂഗിൾ പേ ചെയ്തു തരാമെന്നും പറഞ്ഞ് 75കാരനായ മോഹനനെന്നയാളുടെ അടുത്ത് പ്രതികളെത്തുകയായിരുന്നു. മോഹനൻ 1000 രൂപ പ്രതികൾക്ക് നൽകി. തുടർന്ന് കൂട്ടത്തിലുള്ള ഒരാൾ ഗൂഗിൾ പേ ചെയ്യുന്നതായി കാണിച്ചെങ്കിലും മോഹനന്റെ അക്കൗണ്ടിൽ പണമെത്തിയില്ല. ഈ സമയം മോഹനന്റെ ഗൂഗിൾ പേ പാസ്വേർഡ് പ്രതികൾ മനസ്സിലാക്കിയിരുന്നു. തുടർന്ന് മോഹനന്റെ ഫോൺ വാങ്ങി പരിശോധിക്കുന്ന രീതിയിൽ 10,000 രൂപ പ്രതിയുടെ നമ്പറിലേക്ക് അയച്ചു. ശേഷം ട്രാൻസാക്ഷൻ ഹിസ്റ്ററി കാണിച്ച് പണമെത്തിയിട്ടുണ്ടെന്നുപറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.
1000 രൂപക്ക് പകരം 10,000 രൂപ അയച്ചതിൽ സംശയം തോന്നിയ മോഹനൻ വിശദമായി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ മോഹനൻ ഒന്നാംപ്രതിയായ ഫായിസിനെ തടഞ്ഞുനിർത്തി ബഹളംവെച്ചു. ഈ സമയം മറ്റ് രണ്ട് പ്രതികൾ കടന്നുകളഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതോടെ എളമക്കര പൊലീസ് ഫായിസിനെ ചോദ്യംചെയ്ത് നടത്തിയ തിരച്ചിലിൽ രണ്ടാംപ്രതി ഒമർ മുക്താറിനെ ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും മൂന്നാം പ്രതി സാബിത്തിനെ പോഞ്ഞാശ്ശേരി ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്.ഐമാരായ കൃഷ്ണകുമാർ, പി.എസ്. അനിൽ, ലാലു ജോസഫ്, എസ്.സി.പി.ഒമാരായ ഗിരീഷ്, അനീഷ്, രഞ്ജിത്, സി.പി.ഒമാരായ ഷൈജു, സുജീഷ്, ജിനുമോൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.