കൺെസഷൻ ചോദിച്ചതിന് ബസിൽനിന്ന് ഇറക്കിവിട്ടു; മഴ നനഞ്ഞ് സന്ധ്യക്ക് പെരുവഴിയിലായത് 12 വിദ്യാർഥിനികൾ
text_fieldsകൊച്ചി: സമയം വൈകിയതിനാൽ യാത്രാനിരക്കിളവ് നൽകില്ലെന്നുപറഞ്ഞ് വിദ്യാർഥിനികളെ വഴിയിൽ ഇറക്കിവിട്ട് സ്വകാര്യബസ് ജീവനക്കാർ. പുല്ലേപ്പടി ദാറുൽ ഉലൂം അറബിക് കോളജിലെ അഫ്ദലുൽ ഉലമ ഒന്നും രണ്ടും വർഷ വിദ്യാർഥിനികളെയാണ് ബസ് ജീവനക്കാർ അവഹേളിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ എറണാകുളം ബോട്ട്ജെട്ടിക്ക് സമീപമാണ് സംഭവം.
കോളജിൽ ക്ലാസ് കഴിഞ്ഞ് സാധാരണയിലും വൈകിയാണ് 12 വിദ്യാർഥിനികൾ നോർത്തിൽനിന്ന് ബസ് കയറിയത്. ഉടൻ എസ്.ടി നിരക്കിൽ യാത്ര ചെയ്യാനാകില്ലെന്ന് കണ്ടക്ടർ വിദ്യാർഥിനികളെ അറിയിച്ചു. ഇവരുടെ കൈയിൽ മുഴുവൻ ചാർജ് കൊടുക്കാൻ പണവും ഉണ്ടായിരുന്നില്ല.
''ആകെ പേടിച്ചുപോയ തങ്ങളെ നഗരത്തിൽ ഇറക്കിവിടുകയായിരുന്നു ബസുകാർ. പിന്നീട്, ഞങ്ങൾ റോഡരികിൽ നിൽക്കുന്നതുകണ്ട് ചിലർ എത്തിയാണ് ബോട്ട്ജെട്ടിയിൽ ചെന്നാൽ ഫോർട്ട്കൊച്ചിയിലേക്ക് പോകാമെന്ന് പറഞ്ഞത്. കനത്ത മഴ നനഞ്ഞാണ് ബോട്ട് ജെട്ടിയിലേക്ക് നടന്നത്. അവിടെനിന്ന് ബോട്ടിൽ കയറി ഫോർട്ട്കൊച്ചിയിൽ എത്തി ചുള്ളിക്കലിലേക്ക് ബസിൽ കയറുകയായിരുന്നു'' -വിദ്യാർഥിനികളിൽ ഒരാൾ പറഞ്ഞു.
എറണാകുളം-ഫോർട്ട്കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന KL 03 5999 നമ്പർ സ്വകാര്യബസിനെതിരെ ഫോർട്ട് കൊച്ചി ആർ.ഡി.ഒക്ക് പരാതി നൽകുമെന്ന് വിദ്യാർഥിനികളുടെ രക്ഷിതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.