കൊച്ചിയുടെ മാസ്റ്റർപ്ലാനിന് സർക്കാർ അംഗീകാരം
text_fieldsകൊച്ചി: നീണ്ട 54 വർഷത്തിനുശേഷം കൊച്ചി നഗരത്തിന് പുതിയ മാസ്റ്റർ പ്ലാൻ. 25 വർഷത്തെ നഗരവികസനം വിഭാവനം ചെയ്യും വിധം അമൃത് പദ്ധതിയുടെ കീഴിൽ തയാറാക്കിയ പുതിയ മാസ്റ്റർ പ്ലാനിന് സർക്കാർ അംഗീകാരം ലഭിച്ചു. ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുകയും അന്നുമുതൽ പുതിയ മാസ്റ്റർ പ്ലാൻ വ്യവസ്ഥകൾ ബാധകമാകുകയും ചെയ്യും. വിജ്ഞാപന തീയതിക്കുശേഷം എല്ലാ കെട്ടിട നിർമാണങ്ങളും വികസനവും ഈ പ്ലാനിനനുസൃതമാണ് നടത്തേണ്ടത്.
പുതിയ മാസ്റ്റർ പ്ലാൻ നിലവിൽ വന്നതോടെ ഇതുവരെ ബാധകമായിരുന്ന 1991ലെ സ്ട്രക്ച്ചർ പ്ലാൻ നഗരസഭ പ്രദേശത്ത് മാത്രം റദ്ദായതായി അധികൃതർ വ്യക്തമാക്കി. ഒപ്പം കോർപറേഷൻ പ്രദേശത്ത് ബാധകമായിരുന്ന 21 ഡീറ്റെയ്ൽഡ് ടൗൺ പ്ലാനിങ് (ഡി.ടി.പി) സ്കീമുകളിൽ 19 ഡി.ടി.പി സ്കീമുകളും റദ്ദായി. 1970ലാണ് ഏറ്റവും അവസാനമായി കൊച്ചി നഗരത്തിന്റെ മാസ്റ്റർ പ്ലാൻ തയാറാക്കിയത്. പിന്നീട്, ദിനേശ് മണി മേയറായിരുന്ന കാലഘട്ടത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കാനുള്ള പരിശ്രമം നടന്നെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല.
മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുദീർഘമായ പരിശ്രമങ്ങൾക്കൊടുവിലാണ് കരട് മാസ്റ്റർ പ്ലാൻ തയാറാക്കി വിജ്ഞാപനം ചെയ്തത്. കൗൺസിലിന്റെ പ്രത്യേക യോഗങ്ങൾ, വിവിധ സംഘടനകളുമായുള്ള ചർച്ചകൾ, എം.പി, എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായുള്ള ചർച്ചകൾ എന്നിവക്കുശേഷമാണ് മാസ്റ്റർപ്ലാൻ തയാറാക്കിയതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. വിശദമായ പരിശോധനക്കുശേഷമാണ് തദ്ദേശ സ്വയംഭരണമന്ത്രി ഉൾപ്പെടെയുള്ളവർ പ്ലാനിന് അംഗീകാരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.