അപർണയുടെ ഒളിമ്പിക്സ് സ്വപ്നത്തിന് സർക്കാറിന്‍റെ പിന്തുണ
text_fieldsകൊച്ചി: ദേശീയ തലത്തിൽ ഷൂട്ടിങ്ങിൽ നിരവധി മെഡലുകൾ സ്വന്തമാക്കിയ അപർണ ലാലുവിന് പരിശീലനത്തിന് സർക്കാർ സഹായം. ഇടുക്കി റൈഫിൾ അസോസിയേഷനിൽ പരിശീലനം നേടാൻ പട്ടികജാതി വികസന വകുപ്പ് വഴി സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. 2016ൽ ഡൽഹിയിൽ നടന്ന തൽസൈനിക് ക്യാമ്പിൽ നാഷനൽ കാഡറ്റ് കോർപ്പ്സിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത മത്സരത്തിൽ അഞ്ച് ഗോൾഡ് മെഡലുകളും ഒന്നു വീതം വെള്ളി, വെങ്കല മെഡലുകളുമടക്കം ഏഴ് മെഡലുകളാണ് അപർണ സ്വന്തമാക്കിയത്.
2017ൽ നടന്ന മാവ് ലങ്കാർ ഷൂട്ടിങ് മത്സരത്തിലും 2010 ൽ ഭുവനേശ്വറിൽ നടന്ന ഓൾ ഇന്ത്യ ബേസിക് ലീഡർഷിപ് നാഷനൽ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്.
2018ൽ ഇടുക്കി റൈഫിൾ അസോസിയേഷനിൽ സ്റ്റുഡൻറ് മെംബറായി ചേർന്ന് പരിശീലനം ആരംഭിച്ചു. കാലാവധിക്കുശേഷം ആജീവനാന്ത അംഗത്വമെടുക്കുന്നതിനുള്ള പണമില്ലാതെ വന്നതോടെ അപർണയുടെ പ്രതീക്ഷകൾ മങ്ങി. ഈ സാഹചര്യത്തിലാണ് സർക്കാർ സഹായത്തിന് അപേക്ഷിച്ചത്.
ഫെബ്രുവരിയിൽ സാമ്പത്തിക സഹായം അനുവദിച്ച് ഉത്തരവായി. പരിശീലനം ആരംഭിച്ചെങ്കിലും കോവിഡ് സാഹചര്യത്തിൽ പരിശീലനം നടക്കുന്നില്ല. സ്വന്തമായി ഒരു റൈഫിൾ വാങ്ങുകയെന്നതാണ് ഇനി ലക്ഷ്യം. മൂന്നു ലക്ഷത്തോളം രൂപ ഇതിന് ചെലവ് വരും. കുമ്പളം ചേപ്പനം സ്വദേശിയായ അപർണ ഭർത്താവ് ഇസഹാക്കിനൊപ്പം ഫോർട്ട്കൊച്ചിയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.