പായലിനെ തുരത്തും ഗ്രാസ് കാർപ് മീനുകൾ; കടൂപ്പാടംചിറയെ രക്ഷിക്കാൻ പുതുവഴി
text_fieldsകൊച്ചി: പായൽ നിറഞ്ഞ അങ്കമാലി മൂക്കന്നൂർ കടൂപ്പാടംചിറയെ തിരിച്ചുപിടിക്കാൻ പുതിയ വഴി അവതരിപ്പിച്ച് കൃഷിവിജ്ഞാന കേന്ദ്രം. പായലുകൾ ഭക്ഷിക്കുന്ന ഗ്രാസ് കാർപ് മീനുകളെ ചിറയിൽ നിക്ഷേപിച്ചാണ് പുതിയ പരീക്ഷണം.
കടൂപ്പാടംചിറ സംരക്ഷണ സമിതി, മത്സ്യക്ലബ് എന്നിവരുമായി സഹകരിച്ചാണ് ചിറ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാസ് കാർപ് മീനുകളെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെ.വി.കെ) നേതൃത്വത്തിൽ നിക്ഷേപിച്ചത്. തുടർച്ചയായുള്ള വൃത്തിയാക്കലിന് ശേഷം വീണ്ടും കുളങ്ങളിൽ പായൽ നിറയുന്ന സാഹചര്യത്തിലാണ് ഇതിനായി മീനുകളെ ആശ്രയിച്ചത്.
ജലാശയങ്ങൾ വൃത്തിയാക്കാൻ മുമ്പും ഗ്രാസ് കാർപ് മത്സ്യങ്ങളെ ഉപയോഗിച്ച് പരീക്ഷണം നടത്തി വിജയിച്ചിരുന്നു. പായൽ അമിതമായി വളരുന്നതുമൂലം ജല സ്രോതസ്സുകൾ പലതും നാശത്തിന്റെ വക്കിലാണ്. കെട്ടിക്കിടക്കുന്ന കുളങ്ങളിലാണ് പായൽമൂലം പ്രശ്നങ്ങൾ കൂടുതലായുള്ളത്.
140ൽപരം തരത്തിലുള്ള കുളപ്പായലുകൾ ഉണ്ടെങ്കിലും സാൽവീനിയ, ഹൈഡ്രില്ല, പിസ്റ്റിയ എന്നീ മൂന്ന് വിഭാഗത്തിലുള്ളവയാണ് ഏറ്റവും അധികമായി കാണപ്പെടുന്നതും ഉപദ്രവകാരികൾ ആയിട്ടുള്ളതും. കളസസ്യങ്ങളെ നശിപ്പിക്കാൻ രാസസംയുക്തങ്ങളായ കളനാശിനികൾ ലഭ്യമാണെങ്കിലും ഇവ ചെലവേറിയതും മത്സ്യങ്ങൾക്കും ആവാസ വ്യവസ്ഥക്കും മറ്റും ഹാനികരവുമാണ്.
ഗ്രാസ് കാർപ് മത്സ്യം
നിരവധി പ്രത്യേകതയുള്ള മത്സ്യമാണ് ഗ്രാസ് കാർപ്. ശരാശരി അരക്കിലോ ഭാരമെത്തിക്കഴിഞ്ഞാൽ ഇവ ജലസസ്യങ്ങളെയാണ് കൂടുതലായി ഭക്ഷിക്കുന്നത്. ഓരോ മത്സ്യവും ആകെ ശരീരഭാരത്തിന്റെ രണ്ടു മുതൽ മൂന്നു മടങ്ങ് വരെ പായൽ ഭക്ഷണമാക്കും. ഇവ കുളങ്ങളിൽ പ്രജനനം നടത്താത്ത വിഭാഗത്തിൽപെടുന്നതിനാൽ ഇവ പെറ്റുപെരുകില്ല. ഒരേക്കർ വലുപ്പമുള്ള കുളം വൃത്തിയാക്കിയതിന് ശേഷം പിന്നീട് പായൽ വളരാതിരിക്കാൻ 20 വലിയ ഗ്രാസ് കാർപ് മത്സ്യങ്ങൾ മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.