ബോട്ടിൽനിന്ന് തോക്കുകൾ; എൻ.ഐ.എ അന്വേഷണം തുടങ്ങി അഞ്ച് ശ്രീലങ്കൻ സ്വദേശികൾക്കെതിരെ എഫ്.ഐ.ആർ
text_fieldsകൊച്ചി: ശ്രീലങ്കൻ ബോട്ടിൽനിന്ന് ആയുധങ്ങളും മയക്കുമരുന്നും പിടികൂടിയ സംഭവത്തിൽ എൻ.ഐ.എ കേസെടുത്തു. ബോട്ടിലുണ്ടായിരുന്ന അഞ്ച് ശ്രീലങ്കൻ സ്വദേശികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താണ് എൻ.ഐ.എ അന്വേഷണത്തിന് തുടക്കം കുറിച്ചത്.
മാർച്ച് 25നാണ് 3000 കോടിയുടെ ഹെറോയിനും അഞ്ച് എ.കെ -47 തോക്കുകളും 1000 തിരകളും പിടിച്ചെടുത്തത്. മയക്കുമരുന്ന് കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം തുടരും. ആയുധം പിടികൂടിയ സംഭവമാണ് എൻ.ഐ.എ അന്വേഷിക്കുക. നേരത്തേ ഇതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അന്താരാഷ്ട്ര ബന്ധവും കുറ്റകൃത്യത്തിെൻറ ഗുരുതര സ്വഭാവവും കണക്കിലെടുത്താണ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തത്.
ശ്രീലങ്കൻ സ്വദേശികളായ എൽ.വൈ. നന്ദന (46), ജനകദസപ്രിയ (42), മെൻഡിസ് ഗുണശേഖര (33), തിലങ്ക മധുസൻ രണസിങ്ക (29), ദദല്ലാഗെ നിസങ്ക (40) എന്നിവർക്കെതിരെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി മുമ്പാകെ എഫ്.ഐ.ആർ നൽകിയത്.
ആയുധങ്ങൾ അനധികൃതമായി കൈവശം വെച്ചതിന് ആയുധനിയമത്തിലെ ഏഴാം വകുപ്പ് ചുമത്തിയാണ് കേസ്. എൻ.ഐ.എ കൊച്ചി യൂനിറ്റ് ഇൻസ്പെക്ടർ എബിൻസൺ ഫ്രാങ്കോയുടെ നേതൃത്വത്തിലാണ് അന്വേഷണം. ബോട്ട് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനിലാണുള്ളത്. ആയുധങ്ങൾ പൊലീസിൽനിന്ന് വൈകാതെ എൻ.ഐ.എ ഏറ്റെടുക്കും. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ പ്രതികളെ പിന്നീടാവും കസ്റ്റഡിയിൽ വാങ്ങുകയെന്ന് എൻ.ഐ.എ അധികൃതർ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന് 225 കിലോമീറ്റർ അകലെനിന്നാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. ബോട്ടിലെ വാട്ടർ ടാങ്കിൽ പ്രത്യേകം അറയിലായി 301 പാക്കറ്റുകളിലാണ് മയക്കുമരുന്നും മറ്റൊരു അറയിൽ തോക്കുകളും സൂക്ഷിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ ഇറാനിലെ ചാബഹർ പോർട്ടിൽനിന്ന് കയറ്റിയ മയക്കുമരുന്ന് ലക്ഷദ്വീപ് ഉൾക്കടലിൽവെച്ചാണ് ശ്രീലങ്കൻ ബോട്ടായ 'രവിഹൻസി'യിലേക്ക് മാറ്റിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.