വേണം, എച്ച്1 എൻ1 ജാഗ്രത
text_fieldsകൊച്ചി: സാധാരണ വൈറൽ പനിയുടേതുപോലുള്ള ലക്ഷണങ്ങൾ, കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ഗുരുതരമായേക്കാവുന്ന അവസ്ഥ... എച്ച്1 എൻ1 വ്യാപനത്തിൽ ശ്രദ്ധ വേണമെന്ന് ആരോഗ്യപ്രവർത്തകർ. വായുവിലൂടെ പകരുന്ന എച്ച്1 എൻ1 നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകാറുണ്ടെങ്കിലും ചിലരിൽ ഗുരുതരമായി മാറുന്നുണ്ട്. സർക്കാറിന്റെ കണക്കുകൾ പ്രകാരം ജൂലൈയിൽ മാത്രം ഏഴ് കേസ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾകൂടി വരുമ്പോൾ എണ്ണം ഇനിയും വർധിച്ചേക്കാം. ആലങ്ങാട്ട് നാലുവയസ്സുകാരന്റെ മരണത്തിലേക്ക് നയിച്ചതും എച്ച്1 എൻ1 ആണെന്ന സംശയം നിലനിൽക്കുന്നുണ്ട്.
ഇൻഫ്ലുവെന്സ എ എന്ന ഗ്രൂപ്പില്‍പെട്ട ഒരു വൈറസാണ് എച്ച്1 എൻ1. വായുവിലൂടെ ഒരാളിൽനിന്ന് മറ്റൊരാളിലേക്കാണ് രോഗപ്പകർച്ച സംഭവിക്കുന്നത്. ശ്വസിക്കുന്ന വായുവിലൂടെയാണ് രോഗാണുക്കൾ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. അതിനാൽ ശ്വസനവ്യവസ്ഥയെയാണ് ഇത് ബാധിക്കുന്നത്. ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ വൈദ്യസഹായം തേടുകയാണ് പ്രധാനം. ഗുരുതരമായാൽ ശ്വാസതടസ്സം, ശ്വാസം നിന്നുപോകുക, ശരീരം നീല നിറമാവുക, ഒർമക്കുറവ്, അപസ്മാരം എന്നിങ്ങനെ സംഭവിക്കാനുള്ള സാധ്യതയുണ്ട്.
ലക്ഷണങ്ങൾ
പനിക്കും ശരീരവേദനക്കുമൊപ്പം കഫമില്ലാത്ത വരണ്ട ചുമയും ലക്ഷങ്ങളാണ്. തൊണ്ടവേദന, തലവേദന, ക്ഷീണം, വിറയൽ, ചിലരിൽ ഛർദി, വയറിളക്കം എന്നിങ്ങനെയും ലക്ഷണങ്ങളുണ്ട്. ഗുരുതരമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് കൃത്യമായ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്.
ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങൾ ഗുരുതരമാകുക എന്നിവയൊക്കെ രോഗത്തിന്റെ സങ്കീര്‍ണതകളാണ്. ഗര്‍ഭിണികളില്‍ അപകടസാധ്യത കൂടുതലാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ ഉപയോഗിക്കുക.
തുമ്മുമ്പോഴും ചുമക്കുമ്പോഴും ശ്രദ്ധവേണം
വായുവിലൂടെ രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കുന്നുവെന്നതിനാൽ, തുമ്മുമ്പോഴും ചുമക്കുമ്പോഴുമൊക്കെ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിക്കുന്നു. മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. ഒരു മീറ്ററോളം ചുറ്റളവില്‍ വൈറസ് പരക്കാനിടയുണ്ട്. ഈ ചുറ്റളവിലുള്ള വസ്തുക്കളിലും വൈറസ് എത്താൻ സാധ്യതയുണ്ട്. പിന്നീട് ഈ വസ്തുവിൽ സ്പർശിക്കുകയും കൈകൾ കഴുകാതെ മൂക്ക്, കണ്ണ് തുടങ്ങിയ ശരീരഭാഗങ്ങളിൽ തൊടുകയും ചെയ്യുന്നത് രോഗബാധക്ക് കാരണമായേക്കാം.
ജാഗ്രത നിർബന്ധം
ഏത് പ്രായത്തിലുള്ളവരെയും ആരോഗ്യസ്ഥിതിയിലുള്ളവരെയും ബാധിക്കാവുന്ന രോഗമാണിത്. പ്രതിരോധശേഷി കുറവുള്ളവർ പ്രത്യേകം ശ്രദ്ധചെലുത്തണം. അത്തരത്തിലുള്ളവർക്ക് വേഗത്തിൽ രോഗം വരാനും ഗുരുതരമാകാനുമുള്ള സാധ്യതയുണ്ട്. 65 വയസ്സിനു മുകളിലുള്ളവര്‍, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, ശ്വാസകോശ രോഗങ്ങളുള്ളവർ, ഹൃദ്രോഗികൾ, വൃക്ക രോഗമുള്ളവർ, തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങള്‍ അലട്ടുന്നവർ, പ്രമേഹമുള്ളവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.
പ്രതിരോധ മാർഗങ്ങൾ
- രോഗബാധയുള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറക്കുക
- രോഗലക്ഷണങ്ങള്‍ കുറയുന്നതുവരെ യാത്രകൾ ഒഴിവാക്കി വിശ്രമിക്കുക.
- രോഗിയും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും ഇടക്കിടെ കൈകൾ വൃത്തിയായി കഴുകണം.
- ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും മൂടുക.
- ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
- ഗുരുതര രോഗലക്ഷണങ്ങള്‍ ശ്രദ്ധയിൽപെട്ടാൽ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക.
- അപകടസാധ്യത കൂടുതലുള്ള ആളുകള്‍ക്ക് പ്രത്യേക ശ്രദ്ധകൊടുക്കണം.
- കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം.
- കൈകള്‍ വൃത്തിയായി കഴുകുന്നത് എങ്ങനെയെന്ന് കുട്ടികളെ ശീലിപ്പിക്കണം.
- പൊതുസ്ഥലത്ത് തുപ്പരുത്.
പനിബാധിതരുടെ എണ്ണവും വർധിച്ചു
മഴക്കാലം ശക്തിപ്രാപിച്ചതോടെ പനിബാധിതരുടെ എണ്ണവും വർധിച്ചു. വ്യാഴാഴ്ച 1134 പേരാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്.
31 പേരെ കിടത്തിച്ചികിത്സക്ക് നിർദേശിക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ 6649 പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 196 പേരെ കിടത്തിച്ചികിത്സക്ക് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.