ആർക്കും ഉപകാരമില്ലാതെ എന്തിനിങ്ങനെ പണിതിട്ടിരിക്കുന്നു?
text_fieldsമട്ടാഞ്ചേരി: വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി ജനങ്ങൾ ആശ്രയിക്കുന്ന കോർപറേഷനു കീഴിലുള്ള പശ്ചിമ കൊച്ചിയിലെ ഹാളുകളെല്ലാം വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. എന്നാൽ, ഇത് മുതലെടുത്ത് സ്വകാര്യ ഹാളുകൾ വാടക കൂട്ടി ജനങ്ങളെ പിഴിയുകയാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
കൊച്ചിയിലെ പ്രധാന നഗരസഭ വക ഹാളായ മട്ടാഞ്ചേരി ടൗൺഹാൾ പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. കോവിഡ് ഘട്ടത്തിൽ ചികിത്സ കേന്ദ്രമാക്കിയശേഷം നവീകരണത്തിന്റെ പേരിൽ അടച്ചിടുകയായിരുന്നു. നവീകരണത്തിന് പണം അനുവദിച്ചെന്ന് അധികൃതർതന്നെ പറയുമ്പോഴും പ്രവൃത്തികൾ ആരംഭിക്കാതെ നീട്ടിക്കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ടൗൺഹാൾ അടച്ചതോടെ നല്ലൊരു സാംസ്കാരിക പരിപാടിപോലും നടത്താൻ പറ്റാത്ത അവസ്ഥയാണ്. ടൗൺഹാൾ വളപ്പാകട്ടെ മാലിന്യ സംഭരണ കേന്ദ്രമായി മാറിയ സ്ഥിതിയിലാണ്.
ഫോർട്ട്കൊച്ചി കൽവത്തിയിലെ നഗരസഭ കമ്യൂണിറ്റി ഹാളും നവീകരണത്തിന്റെ പേരിൽ അടച്ചിട്ടിരിക്കുകയാണ്. നിരവധി സാധാരണക്കാർ വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഹാളാണിത്. മട്ടാഞ്ചേരിയിലെ കെ.എം. മുഹമ്മദ് കമ്യൂണിറ്റി ഹാളിലാകട്ടെ ബിഗ്ബെൻ ഹൗസിലെ അന്തേവാസികളെ താമസിപ്പിച്ചിരിക്കുകയാണ്. കരിപ്പാലം കമ്യൂണിറ്റി ഹാൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചെറിയ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. നഗരസഭ ഹാളുകൾ അടിയന്തരമായി നവീകരണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുനൽകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.