സന്തോഷംകൊണ്ട് ഇരിക്കാൻ വയ്യേ...
text_fieldsകൊച്ചി: സർക്കാർ ജീവനക്കാർ തങ്ങളുടെ തൊഴിലിടങ്ങളിൽ ഹാപ്പിയാണെന്ന് സർവേ റിപ്പോർട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ല കാര്യാലയമാണ് സർവേ സംഘടിപ്പിച്ചത്. കാക്കനാട് സിവിൽ സ്റ്റേഷനിലെ തെരഞ്ഞെടുത്ത വിവിധ വകുപ്പുകൾക്ക് കീഴിലെ 37 ഓഫിസുകളിലെ 246 ജീവനക്കാരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. റിപ്പോർട്ട് കലക്ടർ എൻ.എസ്.കെ. ഉമേഷ് പ്രകാശനം ചെയ്തു.
ഓരോ ഓഫിസിലെയും ആകെ ജീവനക്കാരിൽ 20 ശതമാനത്തോളം പേർ സർവേയിൽ പങ്കെടുത്തു. ഇതിൽ 30 ശതമാനം ഗെസറ്റഡ് ഉദ്യോഗസ്ഥരും 70 ശതമാനം നോൺ ഗെസറ്റഡുമാണ്. ഓഫിസ് മേധാവികളെയും സർവേയിൽ ഉൾപ്പെടുത്തി. ഫാക്ടറീസ് ആൻഡ് ബോല്ലേഴ്സ് വകുപ്പ് ജില്ല കാര്യാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് ഏറ്റവും സന്തോഷം. അഞ്ച് പോയന്റ് സ്കെയിലിൽ 4.5 പോയന്റാണ് ഇവർ നേടിയത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ല കാര്യാലയമാണ് രണ്ടാമത്. 4.14 ആണ് ഇവരുടെ സ്കോർ.
ചെലോർക്ക് കൂടുതൽ; ചെലോർക്ക് ഇത്തിരി
സർവേയിൽ പങ്കെടുത്ത ആകെ ജീവനക്കാരിൽ 41.06 ശതമാനം തങ്ങൾ സന്തോഷവാന്മാരാണെന്നാണ് രേഖപ്പെടുത്തിയത്. 13.41 ശതമാനം അതിസന്തോഷവാന്മാരാണ്. എന്നാൽ, 1.22 ശതമാനം സന്തോഷവാന്മാരല്ല. 6.5 ശതമാനം പേർക്ക് ചിലപ്പോൾ മാത്രമാണ് സന്തോഷം. സംതൃപ്തരാണെന്ന് പറഞ്ഞവർ 37.81 ശതമാനമാണ്. ഓഫിസ് മേധാവികളിൽ 43.48 ശതമാനം സന്തോഷവാന്മാരാണെന്ന് വ്യക്തമാക്കി. 21.74 ശതമാനം അതിസന്തോഷവാന്മാരും 13.04 ശതമാനം ചിലപ്പോൾ മാത്രം സന്തോഷമുള്ളവരും 21.74 ശതമാനം സംതൃപ്തരുമാണെന്ന് അറിയിച്ചു.
ഗസറ്റഡ്കാരും സന്തോഷിച്ചാട്ടെ
ഗസറ്റഡ് ഉദ്യോഗസ്ഥരിൽ 16.67 ശതമാനം അതിസന്തോഷവാന്മാരും 49.99 ശതമാനം സന്തോഷവാന്മാരും 26.67 ശതമാനം സംതൃപ്തരും 6.67 ശതമാനം ചിലപ്പോൾ മാത്രം സന്തോഷവാന്മാരുമാണെന്ന് സർവേ ഫലം വ്യക്തമാക്കുന്നു.
നോൺ ഗസറ്റഡ് സൂപ്പർവൈസറി ഉദ്യോഗസ്ഥരിൽ 17. 65 ശതമാനം അതിസന്തോഷവാന്മാരും 32.35 ശതമാനം സന്തോഷവാന്മാരും 44.12 ശതമാനം സംതൃപ്തരുമാണ്. ചിലപ്പോൾ മാത്രം സന്തോഷമുള്ളവർ 2.94 ശതമാനവും സന്തോഷം ഇല്ലാത്തവർ 2.94 ശതമാനവുമാണ്. നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 0.64 ശതമാനമാണ് തങ്ങൾ സന്തുഷ്ടരല്ലെന്ന് വ്യക്തമാക്കിയത്.
അംഗനമാരും സന്തോഷവതികൾ
വനിത ജീവനക്കാരിൽ 44.3 ശതമാനവും തൊഴിലിടങ്ങളിൽ സന്തോഷവതികളാണ്. അതിസന്തോഷവതികളാണെന്ന് 12.66 ശതമാനം പ്രതികരിച്ചപ്പോൾ സംതൃപ്തർ മാത്രമാണെന്ന് 36.71 ശതമാനം പേർ പറഞ്ഞു.
ചിലപ്പോൾ മാത്രം സന്തോഷവതികളാണെന്ന് 5.06 ശതമാനം അഭിപ്രായപ്പെട്ടു. 1.27 ശതമാനം മാത്രമാണ് സന്തോഷവതികളല്ല എന്ന് രേഖപ്പെടുത്തിയത്. പുരുഷ ജീവനക്കാരിൽ 35.23 ശതമാനം സന്തോഷവാന്മാരാണെന്ന് പറയുന്നു. അതിസന്തോഷവാന്മാരാണെന്ന് രേഖപ്പെടുത്തിയ പുരുഷ ജീവനക്കാർ 14.77 ശതമാനമാണ്. 39.77 ശതമാനം സംതൃപ്തരാണെന്നും 1.14 ശതമാനം സന്തോഷവാന്മാരല്ലെന്നും രേഖപ്പെടുത്തി.
സന്തോഷമില്ലെങ്കിൽ തുറന്ന് പറയണം -കലക്ടർ
ജോലിക്കൊപ്പം വ്യക്തിജീവിതത്തിനും പ്രാധാന്യം നൽകണമെന്ന് റിപ്പോർട്ട് പ്രകാശനം ചെയ്ത് കലക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. വ്യക്തിജീവിതത്തിൽ സന്തോഷമുണ്ടെങ്കിലേ തൊഴിലിടങ്ങളിലും സന്തോഷത്തോടെ പ്രവർത്തിക്കാനാകൂ.
സന്തോഷമില്ലെങ്കിൽ അക്കാര്യം മേലധികാരിയോട് തുറന്ന് പറയണം. നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും തുറന്ന് പറയുമ്പോൾ മനസ്സിന്റെ ഭാരം കുറയും.
ജീവിതത്തിന്റെ ഒരുഭാഗം മാത്രമാണ് ജോലി. വ്യക്തിജീവിതത്തിൽ ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണം. നല്ല ഒരു ഹോബി എല്ലാവർക്കുമുണ്ടായിരിക്കണം- കലക്ടർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.