ഹാർബർ പാലത്തിന് ഇനി ഉറപ്പുള്ള സുരക്ഷ
text_fieldsതോപ്പുംപടി: ബ്രിട്ടീഷ് നിർമിതിയായ ഹാർബർ പാലത്തിന്റെ സുരക്ഷ കണക്കിലെടുത്ത് വലിയ വാഹനങ്ങൾ കയറാതിരിക്കാൻ പുതിയ ഹൈറ്റ് ബാരിയർ സ്ഥാപിച്ചു. പാലം നവീകരിച്ച ശേഷം പത്തോളം തവണയാണ് ബാരിയറുകൾ സ്ഥാപിച്ചത്. ഓരോ തവണയും സ്ഥാപിച്ച് കുറച്ചുദിവസം പിന്നിടുമ്പോൾ തന്നെ ബാരിയറുകൾ വാഹനമിടിച്ച് തകർന്ന നിലയിൽ കാണുന്നത് പതിവാണ്.
തമിഴ്നാട്ടിൽനിന്നുള്ള വലിയ ലോറികൾ അറിയാതെ പാലത്തിൽ കയറി ഇടിച്ചാകും ബാരിയറുകൾ തകരുന്നതെന്നാണ് നാട്ടുകാരും അധികൃതരും കരുതിയിരുന്നത്. എന്നാൽ, പിന്നീടാണ് ശുചിമുറി മാലിന്യം തള്ളുന്നവരാണ് ഈ തകർക്കലിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ചില സി.സി ടി.വി ദൃശ്യങ്ങളും ഇത് സ്ഥിരീകരിച്ചു. വാഹനത്തിന് വ്യാജ നമ്പറുകൾ സ്ഥാപിച്ച് ബാരിയറുകൾ അട്ടിമറിച്ചിടുകയായിരുന്നുവെന്നാണ് പറയുന്നത്.
അർധരാത്രി മലിനജല ടാങ്കറുകൾ ഹാർബർ പാലത്തിന് മുകളിൽ കയറ്റി മാലിന്യം കായലിലേക്ക് തള്ളുന്ന ചില സാമൂഹികവിരുദ്ധരാണ് ബാരിയറുകൾ തകർക്കുന്നതെന്നാണ് പറയപ്പെടുന്നത്.
തകർക്കാൻ കഴിയാത്ത നിലയിലുള്ള ദൃഢതയാർന്ന ബാരിയറുകളാണ് ഇക്കുറി സ്ഥാപിച്ചിരിക്കുന്നതെന്ന് കെ.ജെ. മാക്സി എം.എൽ.എ പറഞ്ഞു. പാലത്തിൽനിന്ന് ശുചിമുറി മാലിന്യം കായലിലേക്ക് തള്ളുന്ന പ്രശ്നത്തിനും ഇതോടെ പ്രതിവിധിയായതായി എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.