അപകടത്തിൽ കാലൊടിഞ്ഞ ആട്ടിൻകുട്ടിക്ക് തുണയായി ഹരിത കർമ സേന
text_fieldsകാക്കനാട്: വാഹനാപകടത്തിൽ പരിക്കേറ്റ ആട്ടിൻകുട്ടിക്ക് തുണയായി ഹരിത കർമസേന. തള്ളയാട് ഉപേക്ഷിച്ച ആട്ടിൻകുട്ടിക്ക് ചികിത്സ നൽകി സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു തൃക്കാക്കര നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾ. മാതൃത്വത്തിന്റെ കുളിരിൽ വേദന മറക്കുകയാണ് കാണ്മണി എന്ന പേരുള്ള കുട്ടിയാട്.
തിങ്കളാഴ്ച രാവിലെ 10ന് മേരി മാതാ സ്കൂളിന് സമീപം വീടുകളിൽനിന്ന് മാലിന്യ ശേഖരണത്തിന് എത്തിയതായിരുന്നു ഹരിത കർമ സേനാംഗങ്ങളായ സാബു വടിയഞ്ചേരി, ശാന്ത വിജയൻ, സൗമ്യ രതീഷ് എന്നിവർ. അതിനിടെയാണ് വഴിയരികിൽ കെട്ടിക്കിടക്കുന്ന ചോരയിൽ കിടക്കുന്ന തള്ളയാടിനെയും കുഞ്ഞിനെയും കണ്ടത്. പ്രദേശത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും ഇവരൊന്നും ആടിനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നില്ല. തുടർന്ന് ഹരിത കർമ സേനാംഗങ്ങൾ എത്തി ആടുകളെ തട്ടി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ തള്ളയാട് ഓടിപ്പോയി.
എന്നാൽ വലത്തെ കാലിന് പരിക്കുള്ളതിനാൽ കുഞ്ഞിന് എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല. കാല് ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ഉടമകളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ മൂവരും ചേർന്ന് ആടിനെ നഗരസഭയിലെ മാലിന്യ ശേഖരണ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. കണ്മണി എന്ന പേര് നൽകി. പാലും ഭക്ഷണവും നൽകി. നഗരസഭ അധികൃതരെ വിവരമറിയിച്ച ശേഷം അത്താണിയിലെ മൃഗാശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും കാലിന് ശസ്ത്രക്രിയ വേണ്ടതിനാൽ എറണാകുളത്തെ മൃഗാശുപത്രിയിലേക്ക് മാറ്റി. അതേസമയം മറ്റൊരു ഹരിത കർമ സേനാംഗമായ ടെസി രതീഷ് ചികിത്സ ചെലവും സംരക്ഷണവും ഏറ്റെടുക്കാമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. ഉടമകളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇവർ തന്നെയാകും തുടർന്നും സംരക്ഷണം ഏറ്റെടുക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.