നിയമവഴിയിൽ കൈത്താങ്ങായ ഹാരിസ് ബീരാനെത്തി, മഅ്ദനിയെ കാണാൻ
text_fieldsകൊച്ചി: നിയമവഴിയിൽ കൈത്താങ്ങായ അഭിഭാഷകൻ ഹാരിസ് ബീരാൻ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ കാണാനെത്തി. രാജ്യസഭാംഗമായ അദ്ദേഹം കുടുംബത്തോടൊപ്പമാണ് എറണാകുളത്തെ മഅ്ദനിയുടെ വസതിയിലെത്തിയത്. മഅ്ദനിയുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയിൽ ഹാജരാകുന്നതിന് നേതൃത്വം നൽകുന്നത് അഡ്വ. ഹാരിസ് ബീരാനായിരുന്നു. ഇരുകുടുംബവും തമ്മിൽ ദീർഘകാലത്തെ അടുപ്പമുണ്ട്.
മഅ്ദനിയെ സന്ദർശിക്കാൻ ചികിത്സയുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണമുണ്ട്. എങ്കിലും അഡ്വ. ഹാരിസ് ബീരാനെ അദ്ദേഹം സ്വീകരിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. 1998 കാലഘട്ടങ്ങളിൽ കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് മഅ്ദനിയെ തമിഴ്നാട് സർക്കാർ അറസ്റ്റ് ചെയ്ത് നാഷനൽ സെക്യൂരിറ്റി ആക്ട് ചുമത്തി ദീർഘകാലം വിചാരണയോ ജാമ്യമോ നൽകാതെ ജയിലിൽ അടച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ മഅ്ദനി ഹരജി ഫയൽ ചെയ്തു. തുടർന്ന്, സുപ്രീംകോടതി നിർദേശപ്രകാരം മഅ്ദനിക്കുമേൽ ചുമത്തപ്പെട്ട നാഷനൽ സെക്യൂരിറ്റി ആക്ട് റദ്ദാക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി.
അന്ന് കേസ് നടത്തിയിരുന്നത് ഹാരിസ് ബീരാന്റെ പിതാവും മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറലുമായ വി.കെ. ബീരാനായിരുന്നു. ദീർഘകാലത്തെ സുപ്രീംകോടതിയിലെ അഭിഭാഷക പരിചയവും നിയമപാണ്ഡിത്യവും സമൂഹത്തിലെ പാർശ്വവത്കൃത വിഭാഗത്തിനുവേണ്ടി രാജ്യസഭയിൽ ശക്തമായ ശബ്ദമുയർത്താൻ ഹാരിസ് ബീരാന് കഴിയുമെന്ന് മഅ്ദനി കൂടിക്കാഴ്ചയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.