പരുന്തിനെ രക്ഷിക്കാൻ ക്രെയിൻ വാടകക്കെടുത്ത് മുകേഷ് ജെയിൻ
text_fieldsമട്ടാഞ്ചേരി: കൂറ്റൻ ആൽമരത്തിലെ പട്ടം പറത്തിയ നൈലോൺ നൂലിൽ കുടുങ്ങി ജീവൻമരണ പോരാട്ടത്തിലായ പരുന്തിന് രക്ഷകനായി മുകേഷ് ജെയിൻ. 50 അടിയിലേറെ ഉയരത്തിൽ കുടുങ്ങിയ പരുന്തിനെയാണ് പറവകളുടെ രക്ഷകനായി അറിയപ്പെടുന്ന ഗുജറാത്തി വംശജനും മട്ടാഞ്ചേരി സ്വദേശിയുമായ മുകേഷ് ജെയിൻ രക്ഷിച്ചത്.
മട്ടാഞ്ചേരി ബസാറിൽ ഔട്ടേജൻസിക്ക് സമീപത്തെ ആൽമരത്തിലാണ് നൈലോൺ നൂലിൽ കുടുങ്ങിയ പരുന്ത് രക്ഷപ്പെടാനായി ചിറകടിച്ചു കഴിഞ്ഞിരുന്നത്. മുകേഷ് ജെയിൻ പാഞ്ഞെത്തിയെങ്കിലും ഇത്രയേറെ ഉയരത്തിലായതിനാൽ രക്ഷാപ്രവർത്തന ശ്രമങ്ങൾ വിജയം കണ്ടില്ല. തുടർന്ന് വാടകക്ക് ക്രെയിൻ വിളിക്കുകയായിരുന്നു.
അഗ്നി രക്ഷാസേനയും സഹായത്തിന് എത്തി. മുകേഷ് ജെയിനും രണ്ട് അഗ്നി രക്ഷ സേനാ പ്രവർത്തകരും ക്രെയിനിൽ കയറി. ഉയർത്താവുന്നിടത്തോളം ക്രെയിനിന്റെ കൈ ഉയർത്തി. എന്നാൽ, പരുന്തിലേക്ക് ഉയരം പിന്നെയുമുണ്ടായിരുന്നു.
ഇതോടെ മുകേഷ് ജെയിൻ കൈവശം സൂക്ഷിക്കാറുള്ള പ്രത്യേക തോട്ടി ഉപയോഗിച്ച് നൂല് പൊട്ടിച്ച് പരുന്തിനെ സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. വെള്ളവും ഭക്ഷണവും നൽകി കാലിലെ മുറിവിൽ മരുന്നും വെച്ചശേഷം പരുന്തിനെ പറത്തി വിട്ടു.
നൂലിൽ കുടുങ്ങി കിടന്ന് ചത്തുപോയ മറ്റൊരു പരുന്തും ആൽമരത്തിലുണ്ടായിരുന്നു. ഇലകൾക്കിടയിൽ കുടുങ്ങിക്കിടന്ന പരുന്ത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ലായിരുന്നു. ചത്ത പരുന്തിനെയും നൂൽ മുറിച്ച് മുകേഷ് ജെയിൻ താഴെയിറക്കി.
ക്രെയിനിൽ കയറി തോട്ടി ഉപയോഗിച്ച് മുകേഷ് ജെയിൻ പരുന്തിനെ രക്ഷിക്കുന്നു, രക്ഷിച്ച പരുന്തുമായി മുകേഷ് ജെയിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.