വെള്ളക്കെട്ട്; കോർപറേഷനും പൊതുമരാമത്തിനും റെയിൽവേക്കും ഹൈകോടതിയുടെ രൂക്ഷ വിമർശനം
text_fieldsകൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിൽ കൊച്ചി കോർപറേഷനും പൊതുമരാമത്ത് വകുപ്പിനും റെയിൽവേക്കും ഹൈകോടതിയുടെ രൂക്ഷ വിമർശനം. വെള്ളക്കെട്ട് തടയുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താത്തത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. വേണ്ടതെല്ലാം ചെയ്യാമെന്ന് പറയുന്നതല്ലാതെ റെയിൽവേയുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികളൊന്നുമുണ്ടാവുന്നില്ല. എം.ജി റോഡിലടക്കം കാനകളിലേക്ക് ഹോട്ടൽ മാലിന്യം നിയന്ത്രണമില്ലാതെ തള്ളിയിട്ടും ആരും നടപടി സ്വീകരിക്കാത്തതിനെയും കോടതി വിമർശിച്ചു. നഗരത്തിലെ വെള്ളക്കെട്ട് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കോടതിയുടെ കർശന നിർദേശത്തെ തുടർന്ന് മഴക്കാല പൂർവ ശുചീകരണം നല്ലരീതിയിൽ നടന്നതിനാൽ ജൂണിലടക്കം വെള്ളക്കെട്ട് ഉണ്ടായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഒറ്റ മഴക്ക് നഗരത്തിൽ വെള്ളം കയറുന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. ഇത്തവണയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വെള്ളം കയറി. മുല്ലശ്ശേരി കനാലിന്റെ നവീകരണ ജോലികൾ പൂർത്തിയായാലേ വെള്ളക്കെട്ടിന്റെ അവസ്ഥ എന്തെന്ന് വ്യക്തമാകൂ. കലുങ്ക് വൃത്തിയാക്കുന്നതിലും പുനർനിർമാണത്തിലും വീഴ്ച വരുത്തുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി റെയിൽവേയെ വിമർശിച്ചത്. കോടതിയുടെ മേൽനോട്ടം ഇങ്ങനെ തുടരാനാവില്ല. എത്ര പറഞ്ഞിട്ടും നടപടിയെടുക്കാത്തത് ദുഃഖകരമായ അവസ്ഥയാണ്. മുല്ലശ്ശേരി കനാലിലൂടെ കടന്നുപോകുന്ന ജല അതോറിറ്റിയുടെ പൈപ്പിടുന്ന ജോലികളാണ് നിലവിൽ നടക്കുന്നത്. ഈ ജോലികൾ ഒക്ടോബർ 30നകം പൂർത്തിയാകുമെന്ന് ജല അതോറിറ്റി കോടതിയിൽ അറിയിച്ചു. മുല്ലശ്ശേരി കനാൽ നവീകരണം ജോലികൾ ഈ വർഷം പൂർത്തിയാകുമെന്ന് കോടതി പ്രതീക്ഷ പുറപ്പെടുവിച്ചു.
വെള്ളക്കെട്ടുണ്ടാകാനിടയായ കാരണങ്ങൾ വിശദീകരിച്ച് കലക്ടറും കോർപറേഷൻ സെക്രട്ടറിയും റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ എം.ജി റോഡിലടക്കം വെള്ളം കയറാൻ പ്രധാന കാരണം കാനകളിലേക്ക് ഹോട്ടൽ മാലിന്യം തള്ളുന്നതാണെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. കാനകളിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് ചുമതലയുണ്ടെന്ന് കോടതി വ്യക്തമാക്കി. അവർക്ക് കാഴ്ചക്കാരായി നിൽക്കാനാവില്ല. കാനകളിലേക്ക് മാലിന്യം തള്ളുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി വ്യക്തമാക്കി ആരോഗ്യ വിഭാഗം റിപ്പോർട്ട് നൽകണം.
മാധവ ഫാർമസി കവല മുതൽ ഡി.സി.സി ഓഫിസ് വരെ കാനകൾ കോർപറേഷനും പൊതുമരാമത്തും ചേർന്ന് വൃത്തിയാക്കണം. എം.ജി റോഡിലെ കാനയും രവിപുരത്തു നിന്നുള്ള കാനയും വൃത്തിയാക്കുകയും നടപ്പാതകളുടെ ജോലികൾ പൂർത്തിയാക്കുകയും വേണം. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ കോർപറേഷൻ സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും വിഷയം വീണ്ടും പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണം. കലുങ്കുകളുടെ ഭാഗത്തെ തടസ്സം നീക്കാൻ സ്വീകരിക്കുന്ന നടപടി എന്തെന്ന് റെയിൽവേ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
പി ആൻഡ് ടി കോളനിയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള കെട്ടിടത്തിൽ രണ്ടാമത്തെ ബ്ലോക്കിന്റെ പണി പൂർത്തിയായെന്നും ആദ്യ ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തിയെന്നും ജി.സി.ഡി.എ അറിയിച്ചു. ഉദ്ഘാടനം ആരെങ്കിലും നടത്തിക്കോട്ടെ, കാര്യം നടക്കണമെന്ന് മാത്രമാണ് ആഗ്രഹമെന്ന് കോടതിയും പറഞ്ഞു. തുടർന്ന് ഹരജികൾ മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.