വനംവകുപ്പ് മന്ദിരത്തിന് വേണ്ടി മരം മുറിക്കുന്നതിന് ഹൈകോടതി വിലക്ക്
text_fieldsകൊച്ചി: വനംവകുപ്പിന്റെ ഇടപ്പള്ളിയിലെ എറണാകുളം സാമൂഹ്യ വനവത്കരണ വിഭാഗം സ്ഥിതി ചെയ്യുന്ന ഭൂമിയിലെയടക്കം 53 മരങ്ങൾ മുറിക്കുന്നത് ഹൈകോടതി തടഞ്ഞു. വനം വകുപ്പ് മേഖല ആസ്ഥാന മന്ദിരത്തിനായി മരം മുറിക്കാൻ അനുമതി നൽകിയ കൊച്ചി മേയറുടെ അധ്യക്ഷതയിലുള്ള ‘ട്രീ കമ്മിറ്റി’ യോഗ തീരുമാനം ചോദ്യം ചെയ്ത് അഭിഭാഷകനായ ബി.എച്ച്. മൻസൂർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. മരങ്ങൾ മുറിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ സർക്കാറിനും കൊച്ചി കോർപറേഷനും കോടതി നോട്ടിസ് ഉത്തരവായി. തുടർന്ന് ഹരജി വീണ്ടും മാർച്ച് അഞ്ചിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വനം വകുപ്പിന്റെ പുതിയ ഓഫിസ് -പാർപ്പിട സമുച്ചയത്തിനായി മരം മുറിക്കുന്നതടക്കം നടപടികൾ ജൈവ വൈവിധ്യത്തിന് ഭീഷണിയാണെന്ന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. മാധ്യമ വാർത്തകൾ കൂടി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഇടപ്പള്ളി ഗണപതി അമ്പലത്തിനോട് ചേർന്ന് മണിമല റോഡിലുള്ള 96 സെന്റിലെ 53 മരങ്ങൾ വെട്ടാനാണ് അനുമതി നൽകിയത്. കൊച്ചി നഗരത്തിലെ അപൂർവം ചെറുവനങ്ങളിലൊന്നാണിത്. നീർമരുത്, തേക്ക്, പന, അത്തി, ആഞ്ഞിലി, മഹാഗണി തുടങ്ങിയ വൃക്ഷങ്ങളും മറ്റനേകം സസ്യജാലങ്ങളും ഇവിടെ ഉണ്ട്. വൻ കെട്ടിട്ടങ്ങൾ ഉയരുന്നത്തോടെ ഈ പച്ചപ്പും ശുദ്ധവായുവും നഗരത്തിന് നഷ്ടപ്പെടുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.