മുനിയറകളിലെ രഹസ്യങ്ങള്‍ തേടി ചരിത്രാന്വേഷികള്‍
text_fieldsകാലടി: മഹാശിലായുഗകാലത്തെ ഒരു കൂട്ടം ശവക്കല്ലറകള്‍ (മുനിയറകള്‍) തേടി പുരാവസ്തു, ചരിത്ര പ്രവര്‍ത്തകര്‍ അതിരപ്പള്ളി, അയ്യമ്പുഴ, കാലടി പ്ലാന്റേഷന് എസ്റ്റേറ്റുകളില്‍ എത്തുന്നു. വനപാതയിലും കുന്നുകള്‍ക്ക് മുകളിലുമാണ് ഇത്തരം ചരിത്രനിധികളുള്ളത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ ഈ വനപ്രദേശങ്ങളിലൂടെ ഭീതിയോടെയാണ് ചരിത്രാന്വേഷികള്‍ കടന്നുപോകുന്നത്.
മഹാശിലായുഗത്തിലെ ഒരു ശവസംസ്കാരവുമായി ബന്ധപ്പെട്ട മറ്റൊരു നിർമിതിയാണ് മുനിയറകള്‍. ഒരോ കല്ലറകള്‍ക്ക് അകത്തും പരേതനായ വ്യക്തിയുടെ ദഹിപ്പിച്ചതോ, അഴുകിപ്പിച്ചതോ ആയ അവശിഷ്ടങ്ങള്‍ പല ആകൃതിയിലുള്ള കാലുകള്‍ ഉള്ളതും ഇല്ലാത്തതുമായ വലിയ കലങ്ങളില്‍ നിക്ഷേപിക്കുകയാണ് പ്രാചീന കാലങ്ങളില്‍ ചെയ്തിരുന്നത്. കല്ലില്‍ തീര്‍ത്ത ശവപ്പെട്ടിയും ഇരുമ്പില്‍ നിര്‍മിച്ചതുമായ ആയുധങ്ങളും ഇത്തരം മുനിയറകളില്‍ കാണപ്പെടാറുണ്ടെന്ന് പുരാവസ്തു പ്രവര്‍ത്തകര്‍ പറയുന്നു. പാണ്ഡവന്മാര് താമസിച്ചെന്ന് ഐതിഹ്യമുള്ള പാണ്ടുപാറയിലും ഇത്തരം ശവക്കല്ലറകളുണ്ട്.
ജൈനമതക്കാര്‍ ഈ പ്രദേശങ്ങളില്‍ എറെ വര്‍ഷങ്ങള്‍ താമസിച്ചിരുന്നതായും ചരിത്രരേഖകളില്‍ പറയുന്നുണ്ട്. ചില മുനിയറയുടെ അകം മുഴുവനായും തുറന്നുകിടക്കുന്നുണ്ട്. ഇതിനകത്ത് വന്യമൃഗങ്ങള്‍ കിടക്കുന്നതായ സൂചനകളുമുണ്ട്. സംരക്ഷിക്കാന്‍ ആരും ഇല്ലാതിരുന്നിട്ടും വന്യമൃഗങ്ങള്‍ വിഹരിക്കുന്ന ഇടമായിട്ടും ആയിരത്തോളം വര്‍ഷം പഴക്കമുള്ള ഈ ചരിത്രനിര്‍മിതികള്‍ അധികം നാശനഷ്ടങ്ങള്‍ ഇല്ലാതെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.