ഹോട്ടലുകാർ പറയുന്നു, അന്നംമുട്ടുന്ന കഥ
text_fieldsകൊച്ചി: കഴിഞ്ഞവർഷത്തെ അടച്ചുപൂട്ടൽ ദിനങ്ങൾ ഏൽപ്പിച്ച ആഘാതത്തിൽനിന്ന് ഹോട്ടൽ വ്യാപാര മേഖല കരകയറിയിരുന്നില്ല. പ്രതിസന്ധികളിൽ വലയുമ്പോൾ വീണ്ടും ഒരു സമ്പൂർണ ലോക്ഡൗൺ കൂടിയെത്തിയിരിക്കുന്നു. അന്നം വിളമ്പിയ ഹോട്ടലുടമകളുടെയും ജീവനക്കാരുടെയും വീടകങ്ങളിൽ വീണ്ടും ആശങ്കയുടെ നാളുകൾ. പടർന്നുപിടിച്ച മഹാമാരിയോട് പടവെട്ടാൻ നിയന്ത്രണങ്ങളുമായി സഹകരിക്കാൻ പൂർണമായും തയാറാണ് അവർ. എന്നാൽ, കടക്കെണിയിലാകുന്ന മേഖലക്ക് കൈത്താങ്ങേകാൻ സർക്കാർ ഇടപെടലുണ്ടാകണമെന്നാണ് അവരുടെ ആവശ്യം.
എറണാകുളം ജില്ലയിൽ 8000ത്തോളം ഹോട്ടലുകളിലായി ഒരുലക്ഷത്തോളം ജീവനക്കാരാണ് ജോലിചെയ്യുന്നത്. നിയന്ത്രണങ്ങൾക്ക് വിധേയമായി പാർസലുകൾ നൽകാൻ മാത്രമാണ് നിലവിൽ ഹോട്ടലുകൾക്ക് അനുമതി. കച്ചവടം തീരെ കുറവായതിനാൽ ജില്ലയിലെ ഭൂരിഭാഗം കടകളും തുറന്നിട്ടില്ല. നഗരത്തിലെ ഏതാനും ഹോട്ടലുകൾ ഓൺലൈൻ ഫുഡ് ഡെലിവറിക്കുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. ചെറുകിട ഭക്ഷണശാലകൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. ആദ്യദിവസം തുറന്നവർ ഇനി തുറക്കേണ്ടെന്ന തീരുമാനത്തിലാണ്. സ്ഥിതി ഇങ്ങനെ മുമ്പോട്ടുപോയാൽ സാമ്പത്തിക ബാധ്യത മൂലം ലോക്ഡൗണിന് ശേഷവും തുറക്കാൻ കഴിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല, നിരവധി വ്യാപാരികൾക്കും ജീവനക്കാർക്കും അവരുടെ കുടുബാംഗങ്ങൾക്കും കോവിഡ് രോഗബാധയുണ്ടായിട്ടുണ്ട്. എല്ലാത്തരത്തിലും ആശങ്കയിൽ മുങ്ങുന്ന സ്ഥിതിയാണെന്ന് അവർ വ്യക്തമാക്കുന്നു.
പട്ടിണിയിലേക്ക് ജീവനക്കാർ
ഹോട്ടലുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടിലായത് ജീവനക്കാരാണ്. മറ്റൊരു തൊഴിലും ലഭിക്കാത്ത സാഹചര്യത്തിൽ കടക്കെണിയിലാണ് അവർ. ഹോട്ടൽ ജീവനക്കാരിൽ വലിയൊരുവിഭാഗം അന്തർ സംസ്ഥാന തൊഴിലാളികളാണ്. നാടുകളിൽനിന്ന് തിരിച്ചെത്തിയ അവർ സാഹചര്യം രൂക്ഷമാണെന്ന് മനസ്സിലാക്കി വീണ്ടും മടങ്ങി.
ബാങ്ക് ലോൺ മുതൽ കെട്ടിട വാടക വരെ
ബാങ്ക് ലോണെടുത്ത് കച്ചവടം കരുപ്പിടിപ്പിച്ചവരാണ് ഹോട്ടൽ വ്യാപാരികളിൽ വലിയൊരു ശതമാനം. പ്രതിസന്ധിയിലായതോടെ എങ്ങനെ തുക തിരികെ അടക്കുമെന്ന് അറിയില്ലെന്ന് അവർ പറഞ്ഞു. കെട്ടിട വാടക, വൈദ്യുതി ചാർജ് എന്നിവയും കുടിശ്ശികയാകുകയാണ്. മാർച്ച് മാസം വരെയാണ് വൈദ്യുതി ചാർജ് കുടിശ്ശിക തീർക്കാനുള്ള സമയം നീട്ടി നൽകിയിരുന്നത്. ഇനി എന്ത് ചെയ്യുമെന്നറിയാതിരിക്കുകയാണ് അവർ. ലോക്ഡൗണിന് മുമ്പ് തന്നെ മേഖലയിൽ പ്രതിസന്ധികൾ തുടങ്ങിയിരുന്നു. റമദാൻ വ്രതം ആരംഭിച്ചതോടെ പകൽ കച്ചവടം 60 ശതമാനം കുറഞ്ഞു. ഇക്കാലയളവിൽ രാത്രിയാണ് സാധാരണ കച്ചവടമുണ്ടാകാറുള്ളത്. ഇതിനിടെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വൈകീട്ട് നേരത്തേ കടകൾ അടക്കണമെന്ന നിർദേശം എത്തിയത് പ്രതിസന്ധി സൃഷ്ടിച്ചു.
സമ്പൂർണ ലോക്ഡൗണിന് മുമ്പ് ഹോട്ടലുകൾ തുറക്കുന്ന സമയവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ ഉണ്ടായതും വ്യാപാരികളെ വലച്ചു. സർക്കാർ നിർദേശിച്ച സമയക്രമത്തിന് അനുസരിച്ച് തുറന്ന കടകൾ പ്രാദേശിക ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും എത്തി അടപ്പിച്ചത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കി. പലയിടത്തും ഭക്ഷണം പാഴാകുന്ന സ്ഥിതിയുമുണ്ടായി.
പ്രതിസന്ധികൾക്കിടയിലും കൈത്താങ്ങ്
ബുദ്ധിമുട്ടിലായ നാടിന് കൈത്താങ്ങേകുകയാണ് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ. പെരുമ്പാവൂരിൽ റെസിഡൻറ്സ് അസോസിയേഷൻ മേഖല കമ്മിറ്റിയുടെയും കനിവ് പാലിയേറ്റിവ് കെയർ യൂനിറ്റിെൻറയും സഹകരണത്തോടെ ഭക്ഷണവിതരണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് ബാധിതർ, ക്വാറൻറീനിൽ കഴിയുന്നവർ എന്നിവർക്കും ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന മറ്റു വിഭാഗങ്ങൾക്കും നേരിട്ട് ആഹാരമെത്തിക്കുകയാണ് അവർ.
ആശങ്കയേറുന്നു, പദ്ധതികൾ ആവിഷ്കരിക്കണം
സാമ്പത്തിക പ്രശ്നങ്ങൾ ബാധിച്ച സമയത്ത് ലോക്ഡൗൺ കൂടുതൽ നീണ്ടുപോയാൽ താങ്ങാനുള്ള കരുത്ത് ഹോട്ടൽ മേഖലക്കില്ല. ജീവനക്കാരുടെയും ഉടമകളുടെയും കുടുംബങ്ങളിലും കോവിഡ് രോഗബാധയുണ്ടായിട്ടുണ്ട്. അത് വർധിച്ചുവരുന്നതും ആശങ്കയുണ്ടാക്കുന്നു. പരിമിതികൾക്കിടയിലും ചെറുകിട വ്യാപാരികളെ പിടിച്ചുനിർത്താൻ സർക്കാർ പദ്ധതി ആവിഷ്കരിക്കണം.ദീർഘനാളുകൾ മുന്നിൽ കണ്ടുള്ള പദ്ധതിയാണ് ആവശ്യം. അത് രൂപവത്കരിക്കുമ്പോൾ ഉദ്യോഗസ്ഥർക്കൊപ്പം വ്യാപാരികളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ആലോചനകൾ നടത്തണം.
ജി. ജയപാൽ (ജന. സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.