ശ്രീജേഷ് സ്റ്റേഡിയത്തിൽ ആരവത്തിന് എത്രനാൾ കാത്തിരിക്കണം
text_fieldsപള്ളിക്കര: ഇന്ത്യൻ ഹോക്കി താരം പി.ആര്. ശ്രീജേഷിന്റെ പേരില്‍ നിര്‍മിക്കുന്ന ഇൻഡോർ വോളിബാള്‍ സ്റ്റേഡിയത്തില്‍ ആരവമുയരാന്‍ എത്രനാള്‍ കാത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം. ഹോക്കി താരത്തിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന് കുന്നത്തുനാട് മുന്‍ പഞ്ചായത്ത് ഭരണസമിതി എട്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും നിര്‍മാണം പൂര്‍ത്തീകരിക്കാനായിട്ടില്ല.
പള്ളിക്കര മാര്‍ക്കറ്റിന് സമീപം നിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. നേരത്തേ നാട്ടുകാരുടെ നേതൃത്വത്തില്‍ അപാകത ചൂണ്ടിക്കാണിച്ചതിനാല്‍ ഏറെനാള്‍ നിര്‍മാണം നിലച്ചിരുന്നു.
പിന്നീട് കരാറുകാരൻ തനിക്ക് കിട്ടേണ്ട പണം തടഞ്ഞുവെച്ചതായി ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതിനെ തുടർന്ന് കരാറുകാരന് അനുകൂലമായി കോടതി വിധി വന്നിരുന്നു. തുടർന്ന് നിർമാണം നിർത്തിയതിനാൽ തനിക്ക് വൻതുക നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാട്ടി വീണ്ടും മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു.
പഞ്ചായത്ത്, എം.എല്‍.എ, ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എന്നിവയുടെ സംയുക്ത ഫണ്ടാണ് ഇതിനായി ഉപയോഗിക്കുക. 2014ലെ ഏഷ്യന്‍ ഗെയിംസ് ഹോക്കിയിൽ ഇന്ത്യന്‍ ടീം സ്വർണം നേടിയപ്പോള്‍ ശ്രീജേഷിന് കുന്നത്തുനാട് പഞ്ചായത്ത് സ്വീകരണം ഒരുക്കിയിരുന്നു. അന്നത്തെ സ്പോര്‍ട്സ് മന്ത്രി ശ്രീജേഷിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍, അന്നു മുതല്‍ സ്റ്റേഡിയത്തിനുള്ള അനുയോജ്യമായ സ്ഥലം അന്വേഷിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് നിലവില്‍ പള്ളിക്കര സ്പോര്‍ട്സ് അസോസിയേഷൻ നേതൃത്വത്തില്‍ വോളിബാള്‍ പരിശീലനം നടക്കുന്ന പള്ളിക്കരയിലെ മൈതാനം തെരഞ്ഞെടുത്തത്.
സ്റ്റേഡിയം നിര്‍മാണത്തിന്റെ പേരില്‍ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടില്‍ കളിക്കാന്‍ സാധിക്കാതെയായി. കായിക മേഖലയിൽ മികച്ച ഒട്ടേറെ പേരെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്ക് ഈ ഗ്രൗണ്ടിനുണ്ടെന്ന് പള്ളിക്കര സ്പോര്‍ട്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ചൈനയിൽ അവസാനിച്ച ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീം വിജയിച്ചപ്പോഴും സ്റ്റേഡിയം നിർമാണം പൂർത്തിയാകാതെ കിടക്കുകയാണ്. എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.