പാലരുവിയിൽ വൻ തിരക്ക്; ദുരിതത്തിന് പരിഹാരം തേടി കോട്ടയം-എറണാകുളം യാത്രക്കാർ
text_fieldsകൊച്ചി: തിരക്കേറിയ സമയത്ത് ആവശ്യത്തിന് ട്രെയിനുകളില്ലാതെ വലഞ്ഞ് കോട്ടയം-എറണാകുളം റൂട്ടിലെ യാത്രക്കാർ. കൃത്യസമയം പാലിക്കാത്ത വേണാട് എക്സ്പ്രസിനെ ആശ്രയിക്കാൻ ഭയമാണ് ഓഫിസ് ജീവനക്കാർക്കും വിദ്യാർഥികൾക്കും.
ബയോ മെട്രിക് പഞ്ചിങ് സംവിധാനം നിലവിൽ വന്നതോടെ വേണാടിനുമുമ്പ് എറണാകുളത്ത് എത്തുന്ന ട്രെയിനുകളെയാണ് സർക്കാർ ജീവനക്കാർ ആശ്രയിക്കുന്നത്.
പുലർച്ച 6.25ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06444 കൊല്ലം - എറണാകുളം മെമുവും 7.05ന് കോട്ടയത്ത് എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 16791 തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസും മാത്രമാണ് ഓഫിസ് സമയം പാലിക്കാൻ യാത്രക്കാർക്ക് സഹായകമാകുന്നത്. ജോലിക്കാരൊന്നടങ്കം പാലരുവി എക്സ്പ്രസിലേക്ക് മാറിയതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പാലരുവി കടന്നുപോയി ഒന്നരമണിക്കൂറിനുശേഷമാണ് വേണാട് എക്സ്പ്രസ് കോട്ടയത്തുനിന്ന് പുറപ്പെടുന്നത്. അതിനാൽ ഈ രണ്ട് ട്രെയിനുകൾക്കുമിടയിൽ ഒരു മെമു സർവിസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പാലരുവി വളരെ നേരത്തേയും വേണാട് വളരെ വൈകിയുമാണ് കോട്ടയത്ത് എത്തുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പലരും ജോലി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്. മുമ്പ് 8.15ന് കോട്ടയത്ത് എത്തിയിരുന്ന വേണാട് ഇപ്പോൾ 8.40നാണ് വരുന്നത്.
പാലരുവിയുടെ ജനറൽ കമ്പാർട്ട്മെൻറിൽ തിരക്കുമൂലം കാലുറപ്പിച്ച് യാത്ര ചെയ്യാനാവാത്ത അവസ്ഥയാണെന്ന് യാത്രക്കാർ പറഞ്ഞു. കമ്പാർട്ട്മെന്റിന്റെ എണ്ണത്തിലെ കുറവ് തിരക്ക് ഇരട്ടിയാക്കുന്നു. വൈക്കം റോഡ്, പിറവം റോഡ് സ്റ്റേഷനുകളിൽനിന്ന് കയറുന്ന സ്ത്രീകളടക്കം വാതിൽപടിയിൽനിന്നാണ് യാത്ര ചെയ്യുന്നത്. വാതിൽപടി അടച്ച് അനധികൃതമായി ജനറൽ കമ്പാർട്ട്മെന്റിൽ ചരക്ക് സാധനങ്ങൾ കയറ്റുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
പാലരുവിയുടെ കമ്പാർട്ട്മെന്റിന്റെ എണ്ണം വർധിപ്പിക്കാനെങ്കിലും റെയിൽവേ തയാറാകണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.