ചെങ്ങമനാട് നെടുവന്നൂരിൽ ചുഴലിക്കാറ്റ്; 14 വീടുകൾക്ക് നാശം
text_fieldsചെങ്ങമനാട്: തിങ്കളാഴ്ച ഉച്ചക്കുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ ചെങ്ങമനാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ നെടുവന്നൂർ വെണ്ണിപ്പറമ്പ് ഭാഗത്തെ 14 വീടുകൾക്ക് നാശനഷ്ടം. ശക്തമായ മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റ് നിമിഷങ്ങൾക്കുള്ളിൽ ചുഴലിക്കാറ്റായി മാറുകയായിരുന്നു. വലിയ മരങ്ങൾ വീടുകൾക്ക് മുകളിലേക്ക് കടപുഴകി. വീടുകളിലുള്ളവർ ഭീതിയോടെ പുറത്തേക്കോടി.
ജാതി, തേക്ക്, തെങ്ങ്, വാഴ, കവുങ്ങ് അടക്കമുള്ള കൃഷികളും വ്യാപകമായി നശിച്ചു. ഹോളി ഫാമിലി മഠം മുതൽ തത്തപ്പിള്ളി കുര്യാക്കോസിന്റെ വീട് വരെ 200 മീറ്ററോളം ചുറ്റളവിലാണ് നാശം വിതച്ചത്. തച്ചപ്പിള്ളി വീട്ടിൽ ടി.വി. ജോയി, കാഞ്ഞൂക്കാരൻ വീട്ടിൽ ജോയി, കരുമത്തി വീട്ടിൽ പോളച്ചൻ, മേനാച്ചേരി കുടുംബാംഗങ്ങളായ എം.ടി. ജോയി, എം.ടി. ജോഷി, കാഞ്ഞൂക്കാരൻ വീട്ടിൽ ജോസഫ് ജോണി, കുറിയേടൻ വീട്ടിൽ കെ.ഒ. ബേബി, കാഞ്ഞൂക്കാരൻ വീട്ടിൽ കെ.സി. ജേക്കബ്, മുല്ലശ്ശേരി കുടുംബാംഗങ്ങളായ സാജിത കുഞ്ഞു മുഹമ്മദ്, അബ്ദുൽ കരിം, അൻസൽ, പറയൻകുടി വീട്ടിൽ അച്യുതൻ, വലിയമരത്തിങ്കൽ വി.ടി. ഫ്രാൻസിസ്, പുതുശ്ശേരി വീട്ടിൽ പി.കെ. ജോസ് എന്നിവരുടെ വീടുകൾക്കാണ് കാറ്റിൽ നാശമുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരനും മറ്റ് ജനപ്രതിനിധികളും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
മേഖലയിൽ വൈദ്യുതിബന്ധവും തകർന്നു. പോസ്റ്റുകൾ നിലംപൊത്തിയും വടവൃക്ഷങ്ങൾ വൈദ്യുതി ലൈനിൽ വീണുമാണ് വൈദ്യുതിബന്ധം നിലച്ചത്. കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി പുനഃസ്ഥാപിക്കാൻ രാത്രിയിലും ശ്രമംതുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.