ഇടുക്കിയും ഇടമലയാറും തെളിയിച്ചു, അണക്കെട്ടുകൾക്ക് പ്രളയവും തടയാം
text_fieldsകൊച്ചി: ഇടുക്കി, ഇടമലയാർ ഉൾപ്പെടെയുള്ള അണക്കെട്ടുകൾ തുറന്ന് ജലനിരപ്പ് നിയന്ത്രിച്ചതിലൂടെ തെളിഞ്ഞത് സംസ്ഥാനത്ത് പ്രളയസാഹചര്യം നിയന്ത്രിക്കാനും കെ.എസ്.ഇ.ബി ഡാമുകൾ ഉപയോഗിക്കാമെന്ന വാദം. 2018ലെ പ്രളയത്തിന് കാരണം അണക്കെട്ടുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചയാണെന്ന വാദം ഉയർന്നപ്പോൾ പ്രളയനിയന്ത്രണത്തിനല്ല, വൈദ്യുതി ഉൽപാദനത്തിന് മാത്രമാണ് സംസ്ഥാനെത്ത അണക്കെട്ടുകൾ എന്ന വിചിത്ര മറുപടിയുമായാണ് ഉയർന്ന ഉദ്യോഗസ്ഥർ പ്രതിരോധിച്ചത്. മൂന്നുവർഷത്തിനുശേഷം കൃത്യമായ മാനദണ്ഡങ്ങളോടെ അണക്കെട്ടുകൾ തുറന്നപ്പോൾ നദീതീരവാസികൾക്ക് ആശങ്കക്കുപോലും ഇടനൽകാതെ ജലം ഒഴുക്കിവിട്ടു.
സംസ്ഥാനത്തെ 53 വലിയ അണക്കെട്ടുകളുടെ മൊത്തം സംഭരണശേഷി മൂന്ന് ലക്ഷം കോടി ലിറ്റർ ജലമാണ്. ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ പെരിയാർ നദിയുടെ വാർഷിക ജലമൊഴുക്കിെൻറ 21.3 ശതമാനവും സംഭരിക്കുന്നതിലൂടെ പ്രളയസാഹചര്യം നിയന്ത്രിക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകീട്ട് ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് 165.50 മീറ്ററിൽ താഴെ എത്തിയതോടെ ബ്ലൂ അലർട്ട് പിൻവലിച്ചു.ഭൂതത്താൻകെട്ടാണ് കൃഷിക്ക് മാത്രമായി ഉപയോഗിക്കുന്ന അണക്കെട്ടെന്ന് പരിസ്ഥിതി പ്രവർത്തകൻ ഡോ. സി.എം. ജോയി ചൂണ്ടിക്കാട്ടി. മറ്റെല്ലാ അണക്കെട്ടുകളും വൈദ്യുതി ഉൽപാദനത്തിനൊപ്പം നദിയിലെ ഒഴുക്ക് നിലനിർത്താനും കൃഷിക്ക് വെള്ളം എത്തിക്കാനും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കേണ്ടത്. നിലവിൽ റൂം ഫോർ റിവർ എന്ന പദ്ധതിയിലൂടെ പുഴകളിൽ വെള്ളമൊഴുക്ക് സുഗമമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. പുഴകളിൽ ചളിയും മണലും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയത് നീക്കണം. ആവശ്യമായിടത്ത് പുലിമുട്ടും തടയണയും നിർമിക്കണം. അതേസമയം, പുഴയുടെ അടിത്തട്ട് എത്രയെന്ന് കണക്കുകൂട്ടി വേണം മണൽ വാരാൻ. അതിൽ കൂടുതൽ മണൽ എടുക്കില്ലെന്ന് ഉറപ്പുവരുത്താനാകുമോയെന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.കാലവർഷം തീരും മുമ്പ് അണക്കെട്ടുകൾ പൂർണ സംഭരണശേഷിയിൽ എത്തിക്കുന്നത് ദുരന്തം വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് 2018 പ്രളയത്തെ പഠിച്ച സൗത്ത് ഏഷ്യ നെറ്റ്വർക്ക് ഓഫ് ഡാംസ്, റിവേഴ്സ് ആൻഡ് പീപ്പിൾ കോഓഡിനേറ്റർ ഹിമാൻഷു തക്കർ തെൻറ റിപ്പോർട്ടിൽ വിവരിച്ചിരുന്നു.
2018 ജൂലൈ അവസാനംതന്നെ ഇടുക്കി അണക്കെട്ട് പൂർണ സംഭരണശേഷിയിലേക്ക് എത്തിയതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വൈദ്യുതോൽപാദനത്തിനും ജലസേചനത്തിനുമൊപ്പം പ്രളയനിയന്ത്രണത്തിനും കഴിയുന്ന തരത്തിൽ അണക്കെട്ടുകൾ ഉപയോഗപ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.