അപകടക്കുരുക്കായി ദേശീയപാതയിലെ അനധികൃത ലോറി പാർക്കിങ്
text_fieldsചൂർണിക്കര: ദേശീയപാതയിലെ അനധികൃത ലോറി പാർക്കിങ് അപകടങ്ങൾക്കും ഗതാഗത കുരുക്കിനും ഇടയാക്കുന്നു. തായിക്കാട്ടുകര ഗാരേജിനടുത്ത് ഐശ്വര്യ നഗറിന് മുൻഭാഗത്താണ് വലിയ ലോറികളടക്കം പാർക്ക് ചെയ്യുന്നത്. ഒരേ സമയം നിരവധി ലോറികൾ ഇവിടെയുണ്ടാകും.
ഒന്നിലധികം നിരകളായി റോഡിലേക്ക് കയറ്റി വരെ ലോറികൾ നിർത്തിയിടുന്നുണ്ട്. വ്യാപക പരാതി ഉയർന്നിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല. പഞ്ചായത്ത് ഇക്കാര്യം പല തവണ പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടതാണ്. റെസിഡന്റ്സ് അസോസിയേഷൻ ഇതിനെതിരെ വീണ്ടും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
മുട്ടം മുതൽ പുളിഞ്ചോട് വരെ ചരക്ക് വാഹനങ്ങളുടെ അനധികൃത പാർക്കിങ് അപകടം ക്ഷണിച്ചുവരുത്തുന്നതായാണ് പരാതി. കഴിഞ്ഞ ദിവസം ഐശ്വര്യ നഗറിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം നടന്നിരുന്നു. ഐശ്വര്യ നഗറിലെ താമസക്കാർക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത വിധമാണ് പ്രധാന ഗേറ്റിന്റെ ഇരുവശത്തും ചരക്കുവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അമ്പാട്ടുകാവിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചതിനെ തുടർന്ന് അനധികൃത പാർക്കിങിനെതിരെ പൊലീസ് നടപടി തുടങ്ങിയിരുന്നു.
ദേശീയപാതയോരത്തെ അനധികൃത പാർക്കിങിനെതിരെ ഹൈകോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കുന്നില്ലെന്നാണ് തായിക്കാട്ടുകര ഐശ്വര്യ നഗർ അലോട്ടീസ് അസോസിയേഷൻ ആരോപിക്കുന്നത്. അസോസിയേഷന്റെ ഹർജിയിലാണ് ചരക്കുലോറികളുടെ അനധികൃത പാർക്കിങ് നിരോധിച്ചത്.
ദേശീയപാതയിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.