മണിചെയിന്‍ മാതൃകയില്‍ ആര്‍ വണ്‍ തട്ടിപ്പില്‍ ഇരയായവര്‍ പെരുമ്പാവൂരിലും
text_fieldsപെരുമ്പാവൂര്‍: മണിചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിച്ച ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ഓണ്‍ലൈന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചവര്‍ പെരുമ്പാവൂരിലും. ആയിരക്കണക്കിന് ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.
തട്ടിപ്പ് നടത്തിയവരില്‍ പ്രധാനികള്‍ കഴിഞ്ഞ ദിവസം പിടിയിലായോടെ പണം നഷ്ടപ്പെട്ടവര്‍ ആശങ്കയിലാണ്. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വാടകക്ക് താമസിച്ചിരുന്ന നെല്‍സണ്‍ എന്നയാളാണ് ഇവിടത്തെ പ്രമോട്ടറായി പ്രവര്‍ത്തിച്ചത്. ബിസിനസില്‍ ആളുകളെ ചേര്‍ക്കാന്‍ ഇയാളുടെ കീഴില്‍ മൂന്നുപേര്‍ പ്രവര്‍ത്തിച്ചിരുന്നു. കമ്പനിയുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി സാധാരണക്കാരായ പലരും പണം നിക്ഷേപിക്കുകയായിരുന്നു.
തട്ടിപ്പിന്റെ സൂത്രധാരായ പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും തൃശൂര്‍ സ്വദേശി ബാബുവും കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായതോടെ നെല്‍സെൻറ ഫോണ്‍ സ്വിച്ച്ഓഫാണ്. 11,250 രൂപ അടക്കുന്നവര്‍ക്ക് ആറുമാസം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ 10 തവണകളായി 2,70,000 രൂപയും ആര്‍.പി ബോണസായി 81 ലക്ഷവും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
നിരവധി പേര്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്. വീട്ടമ്മമാരും കുടുംബശ്രീ പ്രവര്‍ത്തകരും ഓട്ടോ ഡ്രൈവര്‍മാരും തട്ടിപ്പിനിരയായിട്ടുണ്ട്. ബാബു പിടിയിലായ വിവരം അറിഞ്ഞ് ചിലര്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. ഇവരോട് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് അറിയിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് പലരും പരാതി നല്‍കാന്‍ സാധ്യതയുണ്ട്. നിലവില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ബിസിനസിന്റെ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ യുട്യൂബില്‍ പ്രചരിപ്പിച്ചിരുന്നു. ആളുകളെ ചേര്‍ക്കാന്‍ വിവിധ സ്ഥലങ്ങളില്‍ ഫിസിക്കല്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.
കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ പ്രമോട്ടറുമായി ബന്ധപ്പെട്ടവര്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാതെ വന്നു. തുടര്‍ന്ന് പലരും തൃശൂരിലെ ഓഫിസിലെത്തിയെങ്കിലും അടഞ്ഞ നിലയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.