ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് നശിപ്പിച്ചത് 17,283 കിലോ മത്സ്യം
text_fieldsകൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യവും - മാംസവും വിൽക്കുന്നത് വ്യാപകമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്ത് നിന്ന് പിടികൂടി നശിപ്പിച്ചത് 17,283 കിലോ മത്സ്യം. ഒരു മാസത്തിനുള്ളിൽ നശിപ്പിച്ചത് 436 കിലോഗ്രാം മാംസവിഭവങ്ങൾ. മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിനായി രൂപികരിച്ച ഓപ്പറേഷൻ മത്സ്യ എന്ന പദ്ധതി പ്രകാരം നടത്തിയ പരിശോധനയിലാണ് 17,283 മായം കലർത്തിയ മത്സ്യം പിടികൂടിയത്.
സംസ്ഥാനത്തെ 5549 മത്സ്യവിൽപന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. അതിൽ 2797 കേന്ദ്രങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും 131 കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. തുടർന്നാണ് 17,283 കിലോ കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന മത്സ്യം - മാംസം എന്നിവയുടെ ഗുണനിലവാരത്തെ പറ്റി വ്യാപകമായി പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന വ്യാപകമാക്കിയത്.
സംസ്ഥാനത്ത് മാംസം അടങ്ങിയ ഭക്ഷണ പദാർഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി 5605 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 667 കേന്ദ്രങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത 436 കിലോഗ്രാം പാചകം ചെയ്തതും അല്ലാത്തതുമായ മാംസം നശിപ്പിച്ചത്. ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പിയ 355 ഹോട്ടലുകൾക്കാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ലോഷർ നോട്ടീസ് നൽകിയത്. 14385 ഹോട്ടലുകളിലും- റെസ്റ്റോറന്റുകളിലുമാണ് ഒരു വർഷത്തിനുള്ളിൽ പരിശോധന നടത്തിയത്. അതിൽ 3139 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 355 സ്ഥാപനങ്ങൾക്കാണ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്. സ്ഥാപനങ്ങളെ പറ്റി പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപകമായി പരിശോധന നടത്തിയതെന്നും നടപടിയെടുത്തതെന്നുമാണ് ഭക്ഷ്യവകുപ്പ് വിശദീകരിക്കുന്നത്.
2006 ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിങ് യൂനിറ്റുകൾ, തട്ടുകടകൾ തുടങ്ങി എല്ലാതരത്തിലുമുള്ള ഭക്ഷ്യഉൽപാദനകേന്ദ്രങ്ങളിലെ തൊഴിലാളികൾക്കും ഭക്ഷ്യസംരംഭകർക്കും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിഷ്കർഷിക്കുന്ന ഫുഡ് സേഫ്റ്റി ട്രെയിനിങ്ങ് ആന്‍റ് സർട്ടിഫിക്കേഷൻ വേണമെന്നാണ്. എന്നാൽ ഇത് സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കത്തതും വെല്ലുവിളിയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.