വ്യാപാരമേഖല കിതക്കുന്നു: സർക്കാർ കൈത്താങ്ങ് വേണമെന്ന്
text_fieldsകൊച്ചി: കോവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുമ്പോൾ പ്രതീക്ഷകൾ നഷ്ടപ്പെട്ട് വ്യാപാര മേഖല. രോഗവ്യാപനം കുറഞ്ഞ ഘട്ടത്തിൽ നഷ്ടത്തിൽനിന്ന് കരകയറി തിരിച്ചുവരവിെൻറ പാതയിലായിരുന്നു അവർ. എന്നാൽ, രണ്ടാം തരംഗത്തിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുകയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ കണക്കുകൂട്ടലുകൾ തെറ്റി.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളല്ലാതെ മറ്റൊന്നും തുറക്കാൻ കഴിയാതെ വന്നതോടെ ഏറെ ബുദ്ധിമുട്ടിലാണ് കച്ചവടക്കാർ. വിഷു, പെരുന്നാൾ വിപണിയിൽ നേട്ടം പ്രതീക്ഷിച്ച വസ്ത്രം, ചെരിപ്പ് വ്യാപാരികളാണ് ഏറെ പ്രതിസന്ധിയിലായത്. പ്രതീക്ഷയോടെ എത്തിച്ച സ്റ്റോക്ക് കെട്ടിക്കിടക്കുകയാണ്. എത്തിച്ച സാധനങ്ങളുടെ തുക മൊത്ത വ്യാപാരികൾക്ക് നൽകാനാകാതെ കടക്കെണിയിലാണ് അവർ. ബാങ്ക് ലോണെടുത്തും പലിശക്ക് വായ്പ വാങ്ങിയുമാണ് ഭൂരിഭാഗം ആളുകളും സാധനങ്ങൾ എത്തിച്ചത്. കെട്ടിട വാടക നൽകാനും കഴിയുന്നില്ല.
കട തുറക്കാനാകാതെ വീട്ടിലിരിക്കേണ്ടി വന്ന ജീവനക്കാരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. അടിയന്തര ഇടപെടലിലൂടെ സർക്കാർ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് വിവിധ വ്യാപാര സംഘടനകൾ ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് പെരുന്നാൾ വരെ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. കെട്ടിട വാടകയിലും ബാങ്ക് ലോൺ തിരിച്ചടവിലും ഇളവുകൾ ലഭിക്കാനും നടപടിയുണ്ടാകണം.
നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ മേയ് ഒമ്പതിന് അവസാനിച്ചാലും നഷ്ടം തിരിച്ചുപിടിക്കാൻ കഴിയില്ലെന്നാണ് അവരുടെ നിഗമനം. വീണ്ടും നീട്ടുകയാെണങ്കിൽ കൂടുതൽ ദയനീയമാകും കാര്യങ്ങൾ.
സ്ഥിതി രൂക്ഷമാണെന്ന യാഥാർഥ്യം മനസ്സിലാക്കുന്നുവെന്നും എല്ലാ നിയന്ത്രണങ്ങളും പാലിച്ച് സമയക്രമീകരണം ഏർപ്പെടുത്തി തുറക്കാൻ അവസരം ഒരുക്കണമെന്നുമാണ് ആവശ്യപ്പെടുന്നതെന്ന് കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറി കെ.എം. വിപിൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കണ്ടെയ്ന്‍മെൻറ് സോണിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ കൃത്യമായി പുറത്തുപോയി ജീവനോപാധി കണ്ടെത്തുന്നു. എന്നാല്‍, പ്രദേശത്തെ കട ഉടമക്ക് കടതുറക്കാനോ ജീവനോപാധി കണ്ടെത്താനോ സാധിക്കുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.